കാസർകോട്: എയിംസ് സ്ഥാപിക്കുന്ന ജില്ലകളുടെ പട്ടികയിൽ കാസർകോടിന്‍റെ പേരും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്‌മയുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു. എൻഡോസൽഫാൻ എന്ന മാരകരോഗം വിഴുങ്ങിയ ജില്ലയിൽ എയിംസ് കൊണ്ടുവരണമെന്നാണ് കൂട്ടായ്‌മയുടെ ആവശ്യം.
എൻഡോസൽഫാൻ എന്ന മാരകരോഗം മൂലം ജില്ലയിലെ ഒരുപാട് പേരുടെ ജീവൻപൊലിഞ്ഞു. ഇനിയും പതിനൊന്നായിരത്തിലധികം ആളുകൾ ഒന്നെഴുനേൽക്കാൻ പോലും പറ്റാത്ത രോഗശയ്യയിലാണ്. ചികിത്സക്കാവശ്യമായ ഒരു സ്പെഷ്യാലിറ്റി ആശുപത്രിയോ, ഡോക്‌ടർമാരോ ഇതുവരെ നിയമിതമായിട്ടില്ല.
ഇപ്പോഴും അയൽ സംസ്ഥാനമായ കർണാടകയിലെയോ മംഗലാപുരത്തെ ആശുപത്രികളിലോ അല്ലങ്കിൽ അയൽ ജില്ലകളിലെ ആശുപത്രികളിലോ അഭയം തേടുന്ന ഇവിടെത്തെ ജനങ്ങളിൽ കൊറോണ വന്നു അതിർത്തികളടച്ചതിനാൽ മുപ്പതോളം ജീവനുകളാണ് നഷ്ടമായത്. ഇനിയും ഇതൊരു തുടർക്കാഥയായേക്കാമെന്നു എയിംസ് കൂട്ടായ്‌മ പറയുന്നു.
ഇപ്പോഴും സർക്കാർ മൂന്ന് മെഡിക്കൽ കോളജും ഇരുപത്തിഞ്ചിലേറെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രികളുമുള്ള കോഴിക്കോട് ജില്ലയുടെ പേര് മാത്രമാണ് പ്രെപ്പോസലിൽ വെച്ചിട്ടുള്ളത്. അതിനു കണ്ടത്തിയ സ്ഥലം പരിസ്ഥിതി പ്രശ്‌നങ്ങൾ ഏറെയുള്ള, വ്യവസായ വകുപ്പിന് കീഴിലുള്ള കിനാലൂരിലെ നൂറ്റിനാൽപ്പത്തിയെട്ടു ഏക്കർ ഭൂമിയാണ്.
ALSO READ: കെ-റെയിൽ ഡി.പി.ആര്‍ പുറത്ത് വിട്ട് സർക്കാർ; കിടപ്പാടം നഷ്‌ടപ്പെടുന്നവര്‍ക്ക് പാര്‍പ്പിട സമുച്ചയം
എയിംസിന് കുറഞ്ഞത് ഇരുന്നൂർ ഏക്കർ ഭൂമി ആവശ്യമാണ്. പതിനായിരം ഏക്കറിലധികം റവന്യു ഭൂമിയുള്ള, മതിയായ ചികിത്സ സംവിധാനമില്ലാത്ത, ഒരുപാട് രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളുള്ള കാസർകോട് ജില്ലയെ സർക്കാറുകൾ പാടെ അവഗണിക്കുന്നുവെന്നും വിജയം കാണുംവരെ അനിശ്ചിതകാല സമരം തുടരുമെന്നും കൂട്ടായ്‌മ അറിയിച്ചു.
ഉസ്‌മാൻ കടവത്ത്, നാസർ ചെർക്കളം, എൻ. ചന്ദ്രൻ പുതുക്കൈ, സലീം ചൗക്കി, സിസ്റ്റർ ജയ ആന്‍റോ മംഗലത്ത്, താജ്ജുദ്ദീൻ പടിഞ്ഞാർ, ശ്രീനാഥ് ശശി, ബാലു ഉമേഷ് നഗർ എന്നിവരാണ് നിരാഹാര സമരത്തിൽ പങ്കെടുക്കുന്നത്.