കാസര്‍കോട്: ഡൽഹി കലാപത്തിനെതിരെ തെരുവ് നാടകത്തിലൂടെ പ്രതിഷേധമുയർത്തി 'നാടക്' പ്രവര്‍ത്തകര്‍. കലാപങ്ങൾ സൃഷ്‌ടിക്കപ്പെടുമ്പോൾ വായ മൂടികെട്ടരുതെന്ന ആഹ്വാനവുമായി കാസർഗോഡ് പുതിയ ബസ് സ്റ്റാന്‍ഡറിലാണ് നാടകം അരങ്ങേറിയത്. ഡൽഹിയിൽ നിരപരാധികളായ മനുഷ്യർ കൊലചെയ്യപ്പെട്ടതിന്‍റെ ആകുലതകളാണ് തെരുവ് നാടകത്തിലൂടെ നാടക് പ്രവർത്തകർ ജനങ്ങളോട് സംവദിച്ചത്.
കണ്ടാമൃഗങ്ങൾ നാട്ടിൻ പുറങ്ങളിലേക്ക് ഇറങ്ങി സർവതും നശിപ്പിക്കുമ്പോൾ മിണ്ടാതിരിക്കൽ പാപമാണെന്ന് നാടകം പറയുന്നു. കാണ്ടാമൃഗത്തിന്‍റെ മുഖംമൂടിയിൽ കാക്കിധാരികളും അല്ലാത്തവരുമായ കഥാപാത്രങ്ങൾ വലിയ ശബ്ദത്തിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്നപ്പോൾ ഫാസിസത്തിന്‍റെ മറ്റൊരു മുഖമാണ് തുറന്നുകാട്ടപ്പെട്ടത്. ജാതിക്കും മതത്തിനും അതീതമായ സൗഹൃദങ്ങൾ തകർക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഡൽഹിയിലെ വിവിധ സംഭവങ്ങൾ പ്രതീകങ്ങളാക്കി നാടകം പറഞ്ഞുവെച്ചു.
അധികാര ഗർവിൽ ജനങ്ങളെയാകെ ശത്രുക്കളാക്കി തകർക്കപ്പെട്ടവയെല്ലാം പുനർ നിർമിക്കപ്പെടുമെന്ന് പറയുന്നിടത്ത് നാടകം അവസാനിക്കുന്നു. ത്രിവർണ്ണ നിറത്തിന്‍റെ പശ്ചാത്തലത്തിൽ ഭരണഘടനയുടെ ആമുഖം ചേർത്തുവച്ചാണ് നാടക് പ്രവർത്തകർ തെരുവിൽ നിന്നും വിടവാങ്ങിയത്. നാടക് ജില്ലാ പ്രസിഡന്‍റ് റഫീഖ് മണിയങ്കാനത്തിന്‍റെ രചനയിൽ ജില്ലയിലെ നാടക് പ്രവർത്തകർ പ്രതിഷേധ നാടകത്തിൽ പങ്കുചേർന്നു.