കാസർകോട് : ഏതെങ്കിലും തരത്തില്‍ ഏടാകൂടത്തിൽ പെടാത്തവര്‍ ഉണ്ടാവില്ല. എന്നാൽ മരത്തില്‍ ഏടാകൂടം തീര്‍ക്കുന്നത് കണ്ടിട്ടുള്ള എത്രപേർ ഉണ്ടാവും. ബുദ്ധിയും ക്ഷമയും ഉപയോഗിച്ച് തടിയിൽ തീർത്തെടുക്കുന്ന ഈ കരകൗശല വിദ്യ അത്ര എളുപ്പമല്ല. എന്നാൽ പണിയറിയാവുന്ന തച്ചന് കാര്യങ്ങള്‍ വളരെ എളുപ്പമാണ്.
കയ്യൂർ ആലന്തട്ട സ്വദേശിയും ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിയുമായ ഹരിപ്രസാദ് നാട്ടിലെ താരമാവുന്നതും ഈ കരകൗശല വിദ്യ വശത്താക്കിയതോടെയാണ്. മുത്തച്ഛന്‍റെ കയ്യിൽ നിന്നും കിട്ടിയ ഏടാകൂടം കണ്ടാണ് ഹരിപ്രസാദിന് ഇതിനോട് ആകർഷണം തോന്നിയത്. പിന്നീട് പരീക്ഷണം ആരംഭിച്ചു. വീടിനോട് ചേർന്നുള്ള അച്ഛന്‍റെ കാർപെന്‍റര്‍ ഷെഡിലെത്തി മരപ്പണികൾ വീക്ഷിക്കും.
തച്ചുശാസ്ത്രത്തിലെ ഓരോ അടവും മനപ്പാഠമാക്കി, പണിയായുധങ്ങൾ എടുത്ത് മനസിലുള്ളവ ഗണിച്ച് മരത്തിൽ കൊത്തിയെടുക്കാൻ തുടങ്ങി. ഇവയെ പരസ്‌പരം ബന്ധിപ്പിച്ചാണ് ഏടാകൂടങ്ങൾ ഉണ്ടാക്കുന്നത്. വിദ്യ മനപ്പാഠമായതോടെ ഏടാകൂടങ്ങളുടെ വലിയ ശേഖരമാണ് ഇന്ന് ഹരിപ്രസാദിന്‍റെ പണിശാലയിൽ നിറയെ.
ഇന്ത്യൻ സ്‌കിൽ കേരള കാർപന്‍ററി വർക്‌സ് മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട് ഹരിപ്രസാദ്. തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക്കിലെ അവസാന വർഷ ഇലക്‌ട്രോണിക്‌സ് വിദ്യാർഥിയായ ഹരി കയ്യൂർ ആലന്തട്ടയിലെ കെ പി മധുസൂദനന്‍റെയും ഹേമാവതിയുടെയും മകനാണ്. ലോകത്തെ ഏറ്റവും ചെറിയ ഏടാകൂടം ഉണ്ടാക്കുന്ന തിരക്കിലാണ് ഇപ്പോൾ കയ്യൂർ ആലന്തട്ടയിലെ ഈ തച്ചൻ.