പാലക്കാട് : ട്രോളി വിവാദത്തിൽ സിപിഎമ്മിനോട് നിയമപരമായി മറുപടി ചോദിക്കുമെന്ന് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. സിപിഎം - ബിജെപി കൂട്ടുകെട്ടിൽ വിരിഞ്ഞ ആശയമാണ് പെട്ടി വിവാദമെന്ന് അദ്ദേഹം പറഞ്ഞു. ട്രോളി കേസിൽ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. വനിതാ നേതാക്കളെ അപമാനിച്ചുകൊണ്ട് അവരുടെ മുറികളിൽ നടന്ന പരിശോധനയ്ക്കും തനിക്കെതിരെ അടിസ്ഥാനമില്ലാതെ ഉന്നയിച്ച ആരോപണങ്ങൾക്കും സിപിഎം മറുപടി പറയേണ്ടി വരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിയമപരമായി മറുപടി ചോദിക്കുന്നതായിരിക്കും. ജനങ്ങൾ പ്രബുദ്ധരാണെന്ന് ആ പാർട്ടികൾ മനസിലാക്കണം. പരാജയ ഭീതിയോടെ തയ്യാറാക്കിയ തിരക്കഥ പാളിപ്പോയി. പെട്ടി വിവാദം അവസാനിപ്പിക്കാൻ കോൺഗ്രസ് ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
നവംബർ 5ന് രാത്രി പന്ത്രണ്ട് മണിക്കായിരുന്നു കേസിനാസ്‌പദമായ സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കള്ളപ്പണം എത്തിച്ചുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ പൊലീസ് റെയ്‌ഡ് നടത്തുകയായിരുന്നു.
കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്‌മാൻ, ബിന്ദു കൃഷ്‌ണ എന്നിവരുടെ മുറികളിൽ വനിത പൊലീസിൻ്റെ സാന്നിധ്യമില്ലാതെ നടന്ന പരിശോധനയും ഏറെ വിവാദമായിരുന്നു. ഷാഫി പറമ്പില്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ, എംപിമാരായ വികെ ശ്രീകണ്‌ഠൻ, ഷാഫി പറമ്പിൽ എന്നിവര്‍ക്ക് കള്ളപ്പണം കടത്തലില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സിപിഎമ്മും ബിജെപിയും രംഗത്തെത്തി. സംഭവ ദിവസം ഒരു കോൺഗ്രസ് പ്രവർത്തകൻ നീല ട്രോളി ബാഗുമായി ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ഇതില്‍ കള്ളപ്പണമാണ് എന്നായിരുന്നു ആരോപണം. ഇതോടെ വിവാദം ആളിപ്പടർന്നു. എന്നാല്‍ ട്രോളി ബാഗില്‍ വസ്ത്രങ്ങൾ മാത്രമായിരുന്നു എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയത്.
Also Read: പാലക്കാട്ടെ നീല ട്രോളി വിവാദം; പണമെത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്