ഹൈദരാബാദ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന തങ്ങളുടെ 250 സിസി മോട്ടോർസൈക്കിളായ ഡ്യൂക്ക് 250 മോഡലിന് വില കുറച്ച് ഓസ്‌ട്രിയൻ സ്‌പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം. വർഷാവസാന ഓഫറിന്‍റെ ഭാഗമായി 20,000 രൂപയാണ് കെടിഎം 250 ഡ്യൂക്കിന് കമ്പനി വില കുറച്ചത്. ഇപ്പോൾ 2.25 ലക്ഷം രൂപയ്‌ക്ക് (എക്‌സ്-ഷോറൂം) വാഹനം ലഭ്യമാകും.
മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ബൈക്കിന്‍റെ ഓഫർ 2024 ഡിസംബർ 31 വരെ മാത്രമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്തിടെയാണ് കെടിഎം 250 ഡ്യൂക്കിന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡ്യൂക്ക് 390 മോഡലിലെ ടിഎഫ്‌ടി സ്‌ക്രീനും സ്വിച്ച് ഗിയറും ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഡ്യൂക്ക് 250യുടെ പുതുക്കിയ പതിപ്പിൽ നൽകിയിരുന്നു. പുതുക്കിയ പതിപ്പിന് പഴയ മോഡലിനേക്കാൾ വിലയും വർധിപ്പിച്ചിരുന്നു.
ബൈക്കിന്‍റെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ ഉള്ള ഹെഡ്‌ലൈറ്റും പുതിയ ടിഎഫ്‌ടി സ്‌ക്രീനും ഡ്യൂക്ക് 250 പുതിയ പതിപ്പിന്‍റെ ഫീച്ചറുകളാണ്. പുതിയ മോഡലിലെ പ്രധാന മാറ്റം അതിന്‍റെ കളർ ടിഎഫ്‌ടി ഡിസ്‌പ്ലേ തന്നെയാണ്. ആകർഷകമായ ഗ്രാഫിക്‌സും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് ഡ്യൂക്ക് 390 മോഡൽ പുറത്തിറക്കിയിരുന്നത്.
ഡ്യൂക്ക് 250യുടെ അപ്‌ഡേഷനിൽ 390യിൽ നിന്നെടുത്ത മറ്റൊരു ഫീച്ചർ അതിൻ്റെ പുതിയ സ്വിച്ച് ഗിയറാണ്. ഫോർ-വേ മെനു സ്വിച്ചാണ് നൽകിയിരിക്കുന്നത്. റൈഡർ അസിസ്റ്റിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കൂടാതെ എബിഎസും ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും സ്റ്റാൻഡേർഡായി തന്നെ ആണ് നൽകിയിരിക്കുന്നത്.
എഞ്ചിനെ കുറിച്ച് പറയുകയാണെങ്കിൽ, ഡ്യൂക്ക് 250 മോഡലിന്‍റെ പുതുക്കിയ പതിപ്പിൽ എഞ്ചിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 30 bhp കരുത്തും 25 Nm ടോർക്കും നൽകുന്ന നിലവിലുള്ള 250 സിസി ലിക്വിഡ് കൂൾഡ്, SOHC എഞ്ചിൻ തന്നെയാണ് ബൈക്കിൽ നിലനിർത്തിയിരിക്കുന്നത്. ഇന്ധന ടാങ്കിന് ചുറ്റുമുള്ള സ്ലീക്കർ സൈഡ് പാനലുകൾ പുതുക്കിയ പതിപ്പിലും അതേപോലെ നിലനിർത്തിയിട്ടുണ്ട്. വലിയ പാനലുകൾ ഡ്യൂക്ക് 390 ക്ക് മാത്രമുള്ളതാണ്. സ്ട്രീറ്റ്, ട്രാക്ക് എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകളും പുതിയ മോഡലിൽ ചേർത്തിട്ടുണ്ട്. ഡാർക്ക് ഗാൽവാനോ, ഇലക്ട്രോണിക് ഓറഞ്ച്, അറ്റ്ലാൻ്റിക് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാനാകും.