ശ്രീനഗർ : കശ്‌മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവില്‍ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്‌ദുല്ല. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 24 കോടി മുസ്‌ലിങ്ങളാണെന്നും അവരുടെ അവകാശങ്ങളെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താഴ്വരയിൽ ആദ്യത്തെ ഹൗസിങ് സൊസൈറ്റി സ്ഥാപിച്ച ശേഷം കശ്‌മീരി പണ്ഡിറ്റുകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും തിരിച്ചു വരവിനെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്‌മീരി പണ്ഡിറ്റുകളെയും മുസ്‌ലീം ന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ്ഹൗ സിംഗ് സൊസൈറ്റി നിര്‍മാണം.
'രാജ്യത്ത് മുസ്‌ലിങ്ങൾ സുരക്ഷിതരല്ലെന്നതിൽ സംശയമില്ല. ഇത് അവസാനിപ്പിക്കാൻ ഞാൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. അവർക്ക് 24 കോടി മുസ്‌ലിങ്ങളെ കടലിൽ തള്ളിക്കളയാനാവില്ല. മുസ്‌ലിങ്ങൾ തുല്യ പരിഗണന അർഹിക്കുന്നു. ഇന്ത്യൻ ഭരണഘടന പ്രകാരം എല്ലാ മതങ്ങളും ഭാഷകളും തുല്യമാണെ'ന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ഭിന്നിപ്പിക്കുന്ന ശക്തികളെ തടയും വര്‍ഗീയത ജയിക്കാൻ അനുവദിക്കരുത്. ഞങ്ങളുടെ പ്രശ്‌നങ്ങൾ ലഘൂകരിക്കാനും സാഹോദര്യം നിലനിർത്താനും ഞാൻ അല്ലാഹുവിനോട് പ്രാർഥിച്ചു. മതത്തിൻ്റെ അടിസ്ഥാനത്തിൽ നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടണം. അത്തരം ഭിന്നിപ്പിക്കൽ ശക്തികൾ നിലനിൽക്കരുത്. ഇത് ഞങ്ങൾക്ക് അനുവദിക്കാനാവില്ലെ'ന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കശ്‌മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിനായി ശ്രമിച്ചിരുന്നു. അവരുടെ വരവ് ഞങ്ങള്‍ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു. അവരുടെ തിരിച്ചുവരവ് ആര്‍ക്കും തടയാനാകില്ല. എപ്പോൾ വരണം എപ്പോള്‍ മടങ്ങണമെന്നത് അവരുടെ തീരുമാനമാണ്. ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പിരിച്ചുവിട്ട സർക്കാർ ജീവനക്കാരുടെ കേസുകൾ വീണ്ടും പരിശോധിക്കുമെ'ന്നും അബ്‌ദുല്ല പറഞ്ഞു.
ലെഫ്റ്റനൻ്റ് ഗവര്‍ണര്‍ മനോജ് സിൻഹയുടെ നേതൃത്വത്തില്‍ കഴിഞ്ഞകൊല്ലം സംവരണ വിഭാഗത്തില്‍ വരുത്തിയ മാറ്റം ഓപ്പൺ മെറിറ്റ് വിഭാഗത്തിലുള്ളവരുടെ അവകാശങ്ങള്‍ക്ക് എതിരെയുള്ളതായിരുന്നുവെന്ന ആരോപണത്തിലാണ് പുനപരിശോധന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്രയേൽ-ലെബനൻ വെടിനിർത്തല്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ഗാസ ഉൾപ്പെടെയുള്ള മേഖലയിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കശ്‌മീരില്‍ പിറന്നത് ചരിത്രം: മൂന്ന് പതിറ്റാണ്ടിലേറെ കാലത്തിന് ശേഷം ആദ്യമായാണ് കശ്‌മീരി പണ്ഡിറ്റുകള്‍ ഒരു ഹൗസിങ് സൊസൈറ്റി രജിസ്‌റ്റര്‍ ചെയ്‌തത്. സര്‍ക്കാരില്‍ നിന്ന് തുച്ഛമായ വിലക്ക് വാങ്ങുന്ന ഭൂമിയിലാണ് താഴ്‌വരയില്‍ അവര്‍ സ്ഥിരതാമസത്തിനായി ഹൗസിങ് സൊസൈറ്റി നിര്‍മാണം ആരംഭിച്ചത്.
കശ്‌മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവിനുള്ള ദീര്‍ഘകാലത്തെ കാത്തിരിപ്പ് നീളുന്നതിനിടെയുള്ള നിരാശകള്‍ക്കിടെയാണ് ഇത് യാഥാര്‍ഥ്യമായിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ വൈകുന്നതായിരുന്നു പണ്ഡിറ്റുകളുടെ തിരിച്ച് വരവും പുനരധിവാസവും കാലതാമസം നേരിടാന്‍ കാരണം.
മുസ്‌ലിം ജനതയെക്കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഒരു കുടിയേറ്റ സംവിധാനത്തിനാണ് തുടക്കമായത്. പ്രത്യേകമുള്ള ടൗണ്‍ഷിപ്പുകളില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നതിന് ആരെയും നിര്‍ബന്ധിതരാക്കില്ല എന്നും സൊസൈറ്റിയുടെ സെക്രട്ടറി സതീഷ് മഹാല്‍ദര്‍ പറഞ്ഞിരുന്നു. പതിനൊന്ന് കശ്‌മീരി പണ്ഡിറ്റുകളും രണ്ട് സിക്കുകാരും ഉള്‍പ്പെടുന്ന സൊസൈറ്റിയാണ് നിലവില്‍ രജിസ്‌റ്റര്‍ ചെയ്‌തത്. 1989ല്‍ ന്യൂനപക്ഷങ്ങളെ തെരഞ്ഞ് പിടിച്ച് കൊല ചെയ്യാന്‍ തുടങ്ങിയപ്പോള്‍ താഴ്‌വരയില്‍ നിന്ന് പലായനം ചെയ്‌തവരാണ് ഇവര്‍.
കശ്‌മീരി പണ്ഡിറ്റുകളുടെ പാലായനം: 2019ല്‍ തന്നെ താഴ്‌വരയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന 419 കുടുംബങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു തീരുമാനവും ഉണ്ടായിരുന്നില്ല. ഉന്നത നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കമുള്ള കശ്‌മീരി പണ്ഡിറ്റുകള്‍ താഴ്‌വരയില്‍ ഭീകരരുടെ ആക്രമണത്തിന് ഇരയായെന്ന് 2010ലും 2019ലും നിയമസഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് 62000ത്തോളം കശ്‌മീരി പണ്ഡിറ്റുകള്‍ ജമ്മു കശ്‌മീരില്‍ നിന്ന് സുരക്ഷ തേടി ഡല്‍ഹിയടക്കം രാജ്യത്തിന്‍റെ മറ്റിടങ്ങളിലേക്ക് പലായനം ചെയ്‌തത്.
തങ്ങളുടെ വീടുകളും ഭൂമിയും പലരും കയ്യേറിയെന്നും ഇവര്‍ ആരോപിക്കുന്നു. ചിലര്‍ കിട്ടിയ വിലയ്ക്ക് അവ വിറ്റു. തുടര്‍ന്നാണ് 2021 ഓഗസ്‌റ്റില്‍ ഇത്തരക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
1997ലെ ജമ്മു കശ്‌മീര്‍ കുടിയേറ്റ സ്ഥാവര സ്വത്ത് (സംരക്ഷണം) നിയമം ഇവരെ കുടിയേറ്റക്കാര്‍ എന്നാണ് പരാമര്‍ശിക്കുന്നത്. ഇവരുടെ തിരിച്ച് വരവ് സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ പ്രധാനമന്ത്രി വികസന പദ്ധതി നടപ്പാക്കി. 2008ല്‍ പ്രധാനമന്ത്രി പുനര്‍നിര്‍മാണ പദ്ധതിയില്‍ ആറായിരം തൊഴിലുകളും പണ്ഡിറ്റുകള്‍ക്കായി സൃഷ്‌ടിച്ചു.
ഇതില്‍ 5724 കശ്‌മീരി കുടിയേറ്റക്കാരെ നിയമിച്ചു കഴിഞ്ഞതായി 2024 ഓഗസ്‌റ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ ജീവനക്കാര്‍ക്ക് വടക്ക്, മധ്യ, ദക്ഷിണ കശ്‌മീരിലായി ആറായിരം താമസയിടങ്ങളും സജ്ജമാക്കി.
Read More: മഴ ഇനിയും കനക്കും, മുന്നറിയിപ്പില്‍ മാറ്റം; ഒരു ജില്ലയില്‍ കൂടി റെഡ് അലര്‍ട്ട്