കാസർകോട്: ഗ്യാസ് കിട്ടാനില്ല... പെട്രോൾ അടിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കണം... സാമ്പത്തികമായി തകർന്നു... ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായത്തോടെ ശ്രീലങ്കയില്‍ നിന്നും കാസർകോട് എത്തിയ അബ്‌ദുള്ള മുഹമ്മദ് ഷാഫിയുടെ വാക്കുകളാണിത്. പതിനാലു വർഷത്തോളം ശ്രീലങ്കയിൽ ജീവിച്ച ഷാഫി നോർത്ത് സെൻട്രലിൽ ഹോട്ടൽ നടത്തി വരികയായിരുന്നു. മൂന്നുമാസം മുമ്പ് കാര്യങ്ങൾ മാറി മറിഞ്ഞെന്നു ഷാഫി പറയുന്നു.
ഗ്യാസ് കിട്ടാതായി. ഹോട്ടലിൽ ആളുകൾ എത്തുന്നതും കുറഞ്ഞു. നിത്യോപയോഗ സാധങ്ങൾക്കും തീവില. സുഹൃത്തിനൊപ്പം മെഡിക്കൽ ഷോപ്പ് തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല. ഇതോടെയാണ് ഷാഫി നാട്ടിലേക്കു മടങ്ങിയത്.
നാട്ടിലെത്തിയപ്പോൾ ഇനി എന്ത് എന്നതായി ചിന്ത. ഒടുവിൽ സുഹൃത്ത് പപ്പടക്കച്ചവടം നിർദേശിച്ചു. അങ്ങനെ ഷാഫി ചെമ്മനാട് പപ്പടക്കച്ചവടം തുടങ്ങി. ആദ്യം ബിസിനസ് പഠിക്കാം എന്ന ഉദ്ദേശം ആയിരുന്നെങ്കിലും ഇപ്പോൾ ജീവിത മാർഗമായി പപ്പടക്കച്ചവടം മാറി.
ചെറുതും വലുതുമായ പപ്പടം വിന്‍പനയ്ക്കുണ്ട്. ശ്രീലങ്കയിൽ ഉള്ള സുഹൃത്തുക്കൾ വിളിക്കാറുണ്ടെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഷാഫി പറയുന്നു. ഭക്ഷണത്തിന് പോലും ക്ഷാമം നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞതായി ഷാഫി പറഞ്ഞു. പല മേഖലകളിലായി നിരവധി മലയാളികൾ ശ്രീലങ്കയിലുണ്ട്. അവരുടെ ജീവിതവും പ്രതിസന്ധിയിലാണ്.