കാസർകോട് : ചിത്രം വരയ്ക്കാൻ ചുമർ വേണമെന്ന് നിര്‍ബന്ധമില്ല, സ്മാർട്ട് ഫോൺ ഉണ്ടായാലും മതി. കൈവിരലുകൾ കൊണ്ട് മിഴിവുറ്റ ചിത്രങ്ങൾ വരച്ച് ശ്രദ്ധയാകര്‍ഷിക്കുകയാണ് കാസർകോട് ചെറുവത്തൂർ കണ്ണങ്കൈയിലെ സിയാദ് മുഹമ്മദ്. ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരുടെയും വാഹന മോഡലുകളുടെയും ചിത്രങ്ങൾ സിയാദിന്‍റെ വിരൽതുമ്പിൽ പിറന്നിട്ടുണ്ട്.
മൊബൈൽ ഫോൺ ഷോപ്പുടമയുമായ സിയാദ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത സ്‌കെച്ച് ബുക്ക് മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വാഹനങ്ങളുടെയും മറ്റും മനോഹര ചിത്രങ്ങൾ വരയ്ക്കുന്നത്. മൊബൈൽ ഫോൺ കച്ചവടം ആണെങ്കിലും വാഹനങ്ങളുടെ ഡിസൈൻ രൂപപ്പെടുത്തലിനോടാണ് താൽപര്യം.
ചിത്രകലയോട് ചെറുപ്പകാലത്ത് തന്നെ പ്രിയം തോന്നിയിരുന്നെങ്കിലും ശാസ്ത്രീയമായി പഠിച്ചിരുന്നില്ല. വെറുതെയിരിക്കുന്ന സമയങ്ങളിൽ സ്മാർട്ട് ഫോണിൽ രചനാപരീക്ഷണം തുടങ്ങി. വാഹനങ്ങളോട് കമ്പം ഉള്ളതിനാൽ ആദ്യം വരച്ചതും വാഹനങ്ങളുടെ ചിത്രമായിരുന്നു.
ALSO READ : എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ ആർ.എസ്.എസെന്ന് ആരോപണം
ബിടെക് പാതി വഴിയിൽ നിർത്തി. മനസിൽ മുഴുവൻ വാഹനങ്ങളുടെ പലതരം ഡിസൈനുകളായിരുന്നു. ഓരോ വാഹന കമ്പനികളും പുതിയ കാർ ഇറക്കുമ്പോൾ അപ്പോൾ തന്നെ സിയാദിന്‍റെ ഫോണിൽ ചിത്രമായി മാറും.
വരയ്ക്കുന്നവ സോഷ്യൽ മീഡിയ വഴി പങ്കുവച്ചതോടെ സംഭവം വൈറലായി. സിനിമ താരം ബാബു ആന്‍റണി അടക്കം നിരവധിപ്പേർ സിയാദിനെ അഭിനന്ദിച്ചു. ഇഷ്ടപ്പെട്ട വാഹനം കണ്ടാൽ അപ്പോൾ തന്നെ വര തുടങ്ങുതാണ് രീതി.
തങ്ങളുടെ വാഹനം വരയ്ക്കണം എന്നാവശ്യപ്പെട്ട് നിരവധിപ്പേർ ഓരോ ദിവസവും കടയിൽ എത്താറുമുണ്ട്. ഒരു മടിയും ഇല്ലാതെ സിയാദ് സൗജന്യമായി വരച്ചുകൊടുക്കും. കടയിലും സിയാദ് വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
പല വാഹന നിർമാണ കമ്പനികളും സിയാദിനെ നോട്ടമിട്ടിട്ടുണ്ട്. ഏതായാലും ഫോണിൽ കുത്തിയും ഗെയിം കളിച്ചും നേരം കൊല്ലുന്നവർക്ക് മുന്നിൽ സ്വന്തം കഴിവുകൊണ്ട് വ്യത്യസ്തനായി മാറിയിരിക്കുകയാണ് സിയാദ്.