കാസർകോട്: ഇംഗ്ലീഷ് സാഹിത്യ ലോകത്ത് തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുകയാണ് കാസര്‍കോട് ചൂരിയിലെ 16കാരി മറിയം റിധ. 'ദ ലൈറ്റ് ഓഫ് സ്പാര്‍ക്സ്' എന്ന ഇംഗ്ലീഷ് കവിത സമാഹാരത്തിലൂടെയാണ് ഈ മിടുക്കി തന്‍റെ പ്രതിഭ അടയാളപ്പെടുത്തുന്നത്. ചെറുതും വലുതുമായ 56 കവിതകള്‍. ഒരു പതിനാറു വയസുകാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഭാവനകള്‍ക്കും വര്‍ണനകള്‍ക്കുമപ്പുറമാണ് മറിയം റിധയുടെ കവിതകളോരോന്നും. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കിയാണ് റിധയുടെ കവിതകളെന്നത് ഏറെ ശ്രദ്ധേയമാണ്. തന്‍റെ നിത്യ ജീവിതത്തിലെ കാഴ്ചകളും അനുഭവങ്ങളുമാണ് റിധയുടെ കവിതകളില്‍ പ്രമേയമാകുന്നത്.
യുപി ക്ലാസുകളില്‍ പഠിക്കുമ്പോൾ തന്നെ പുസ്തകങ്ങള്‍ റിധയ്ക്ക് ഹരമായിരുന്നു. ഇതിനകം വായിച്ചു തീര്‍ത്തത് അഞ്ഞൂറിലേറെ പുസ്തകങ്ങള്‍. അവയില്‍ ഭൂരിഭാഗവും ഇംഗ്ലീഷ് നോവലുകളും. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കവിതാരചനയില്‍ പങ്കെടുത്ത് സമ്മാനം നേടിയതോടെയാണ് എഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് എഴുതിത്തീര്‍ത്ത 56 കവിതകള്‍ ചേര്‍ന്നപ്പോൾ സാഹിത്യാഭിരുചിക്ക് അച്ചടി മഷി പുരണ്ടു.
കാസര്‍കോട് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ റിധയുടെ കവിതകള്‍ തമിഴ്‌നാട്ടിലെ നേഷന്‍ പ്രസ് ആണ് പ്രസിദ്ധീകരിച്ചത്. ഓണ്‍ലൈന്‍ സ്റ്റോറിലും പുസ്തകം ലഭ്യമാണ്. ആമസോണ്‍, ഫ്ലിപ്‌കാര്‍ട്ട്, ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റ് പ്ലസ് തുടങ്ങിയവയിലും ഇ- ബുക്ക് വേര്‍ഷനിലും കവിതാ സമാഹാരം ലഭിക്കും. ഒരു ഇംഗ്ലീഷ് നോവലും റിധ എഴുതിയിട്ടുണ്ട്. മാതാപിതാക്കളായ സിറ്റി ഗോള്‍ഡ് ഡയറക്ടര്‍ നൗഷാദിന്‍റെയും റംസീനയുടെയും പിന്തുണയും മറിയം റിധയ്ക്ക് പ്രചോദനമാകുന്നു. അധ്യാപകരും സഹപാഠികളും നാട്ടുകാരും ബന്ധുക്കളും റിധക്ക് പിന്തുണയുമായി ഒപ്പമുണ്ട്.