കാസർകോട്: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായ സിനിമ-റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെ ഇന്ന് (ഒക്‌ടോബര്‍ 7) ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കി. കേസിൽ ഷിയാസ് കരീമിന് ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചെന്നൈയിൽ വച്ച് പിടിയിലായ ഷിയാസിനെ രാവിലെ ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയത് (Rape Case Against Shiyas Kareem).
ഷിയാസ് കരീമിന്‍റെ മൊഴി: പരാതിക്കാരിയായ യുവതിക്ക് താന്‍ വിവാഹ വാഗ്‌ദാനം നൽകിയിരുന്നുവെന്നും എന്നാല്‍ യുവതി തന്നെ ചതിക്കുകയായിരുന്നുവെന്നും ഷിയാസ് കരീം ചന്തേര പൊലീസിന് മൊഴി നൽകി. വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ള കാര്യം മറച്ച് വച്ചാണ് യുവതി താനുമായി സൗഹൃദം പുലര്‍ത്തിയത്. മാത്രമല്ല സഹോദരനാണെന്ന് പറഞ്ഞാണ് മകനെ പരിചയപ്പെടുത്തിയത്. എന്നാല്‍ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും യുവതിയുടെ സമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും ഷിയാസ് കരീം മൊഴിയില്‍ വ്യക്തമാക്കി (Shiyas Kareem Produced In Court).
പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പരാതിക്കാരി ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചതായാണ് വിവരം. യുവതിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ 11 ലക്ഷം രൂപ തട്ടിയെടുത്തിട്ടില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
യുവതിയുടെ പീഡന പരാതി: ചെറുവത്തൂർ സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേനായ ഷിയാസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. വിവാഹ ബന്ധം വേർപിരിഞ്ഞ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളത്തെ ലോഡ്‌ജിൽ വച്ചും മൂന്നാറിലെ റിസോർട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്തുവെന്നുമാണ് പരാതി.
പിന്നീട് യുവാവ് വിവാഹ വാഗ്‌ദാനത്തിൽ നിന്ന് പിൻമാറുകയും മറ്റൊരു വിവാഹത്തിന് ശ്രമം നടത്തുകയും ചെയ്‌തതോടെയാണ് യുവതി പരാതിയുമായി ചന്തേര പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്നും ഷിയാസ് കരീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഷിയാസിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണിത്. ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങവേയാണ് ഷിയാസ് പൊലീസിന്‍റെ വലയിലായത് (Look Out Notice For Shiyas Kareem).