കാസർകോട്: നാലുവയസുകാരി ഷഹലക്ക് കണ്ണിനുള്ള കാൻസർ ചികിത്സ മുടങ്ങില്ല. ലോക്ക് ഡൗണിൽപെട്ട് ആശുപത്രിയിൽ പോകാൻ കഴിയാത്ത ഘട്ടത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടതോടെയാണ് ചികിത്സ സാധ്യമായത്. കേരള സോഷ്യല്‍ സെക്യുരിറ്റി മിഷന്‍റെ വീ കെയര്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് തമിഴ് നാട്ടിലെ ശങ്കര നേത്രാലയത്തിൽ തുടർ ചികിത്സ ലഭ്യമാക്കുക.
കാസർകോട് പുത്തിഗെ പള്ളത്ത് താമസിക്കുന്ന ധര്‍മ്മത്തടുക്കയിലെ അബ്ദുല്‍ ഹമീദിന്‍റെയും ആയിഷത്ത് മിസ്‌റയുടെയും മകൾക്കാണ് സർക്കാർ തുണയായത്. കണ്ണിന് അർബുദമാണെന്നു കണ്ടെത്തിയത് മുതൽ ചെന്നൈ ശങ്കര നേത്രാലയത്തിലായിരുന്നു ചികിത്സകൾ. കീമോതെറാപ്പിയും അടിയന്തിര ശസ്ത്രക്രിയയും നടത്തേണ്ട സമയത്താണ് ലോക്ക് ഡൗണിൽ പെട്ട് ആശുപത്രി യാത്ര മുടങ്ങിയത്. കുഞ്ഞിന്‍റെ ചികിത്സ മുടങ്ങിയ അവസ്ഥ യുവജന കമീഷൻ അംഗം കെ മണികണ്ഠൻ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
ഷഹലയുടെ യാത്രക്ക് ആവശ്യമായ ആംബുലൻസ് സൗകര്യം ഒരുക്കാനും യാത്രാനുമതി ലഭ്യമാക്കാനും കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ വി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി വേണ്ട സഹായങ്ങൾ ചെയ്യാനും മന്ത്രി നിർദേശിച്ചു. രണ്ട് ടീം ആയി കാര്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. സർക്കാർ സാമ്പത്തിക സഹായം ലഭ്യമാക്കാനും ഡിജിപി ഉൾപ്പെടെ ഉള്ളവരുടെ അനുമതി ലഭ്യമാക്കാനും തീരുമാനമായതോടെ സംസ്ഥാനാന്തര യാത്രക്കും വഴിയൊരുങ്ങി.
മടിക്കൈ പാലിയേറ്റിവ് കെയർ ആംബുലൻസ് വിട്ടു കൊടുത്തെങ്കിലും സംസ്ഥാനാന്തര യാത്ര പോകണമെന്നതിനാൽ ഹോം ക്വാറന്‍റൈനില്‍ നിൽക്കണമെന്നുമുള്ള നിബന്ധനയുള്ളതിനാൽ പല ആംബുലൻസ് ഡ്രൈവർമാരും യാത്രക്ക് സന്നദ്ധരായില്ല. പിന്നീട് ശ്രീരാഗ് മോനാച്ച, അജീഷ് എന്നിവർ കുട്ടിയുടെ ഒപ്പം പോകാൻ തയ്യാറായി വരികയായിരുന്നു. ആശുപത്രിയിൽ വേണ്ട സൗകര്യങ്ങളെല്ലാം സർക്കാർ ഒരുക്കിയിട്ടുണ്ട്. കുട്ടിക്ക് യാത്രയിൽ ആവശ്യമായ ചെലവുകളും ആംബുലൻസ് ചെലവുകളും സംസ്ഥാന സർക്കാർ ആണ് വഹിക്കുക.