കാസർകോട്: തകർന്ന സ്വപ്‌നങ്ങൾക്ക് ചിറകുവെച്ച് പറക്കാൻ ഒരുങ്ങുകയാണ് കാസർകോട് ചന്തേരയിലെ ശബിൻ രാജ്. കാല് ഇല്ലാത്തവന് ഒരിക്കലും കാൽപന്തു കളി സാധ്യമല്ലെന്ന ധാരണയെ തകർത്ത് ഇറാനിൽ നടക്കുന്ന പശ്ചിമേഷ്യൻ ആംപ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ബൂട്ടണിയാനൊരുങ്ങുകയാണ് ഈ മിടുക്കൻ.
മികച്ച ഫുട്ബോൾ കളിക്കാരനായ ശബിൻ രാജിന്‍റെ ജീവിതത്തെ 2019ൽ നടന്ന ഒരു അപകടമാണ് മാറ്റിമറിച്ചത്. തൃക്കരിപ്പൂർ ഇ.കെ. നായനാർ ഗവ. പോളി ടെക്‌നിക്കിൽ മൂന്നാം വർഷ വിദ്യാർഥിയായിരിക്കേ തൃക്കരിപ്പൂർ തങ്കയത്ത് നടന്ന അപകടത്തിൽ ശബിൻ രാജിന് നഷ്‌ടമായത് വലതുകാൽ മാത്രമായിരുന്നില്ല തന്‍റെ സ്വപ്‌നങ്ങൾ കൂടിയായിരുന്നു.
എന്നാൽ ഫുട്ബോൾ പ്രേമിയായ മകനെ മാനസിക തളർച്ചയിൽ നിന്നും കരകയറ്റാൻ മാതാപിതാക്കൾ ശ്രമിച്ചുകൊണ്ടേയിരുന്നു. ശാരീരിക വെല്ലുവിളി മറികടക്കാൻ ശബിനും കഠിനാധ്വാനം ചെയ്തു. ഇതിന്‍റെ ഫലമായാണ് ആംപ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ശബിന് അവസരം ലഭിച്ചത്.
തൃശൂരിൽ നടന്ന ക്യാമ്പിലാണ് ശബിനെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തത്. ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയെങ്കിലും സാമ്പത്തിക ചിലവ് താങ്ങാൻ പറ്റുന്നതായിരുന്നില്ല. തുടർന്ന് ഒരു സ്പോൺസർ വന്നെങ്കിലും പിന്നീട് പിന്മാറി.
യാത്രപോലും മുടങ്ങുമെന്ന ഘട്ടം വന്നപ്പോൾ താരത്തിനു തുണയായത് എരവിൽ ഫുട്‌ബോൾ അക്കാദമി പ്രവർത്തകരാണ്. അക്കാദമി പ്രവർത്തകർ തന്നെ നേരിട്ട് ധന സമാഹരണത്തിന് മുന്നിട്ടിറങ്ങുകയും വിമാനടിക്കറ്റിനും മറ്റു ചെലവുകളുകൾക്കുമായി തുക സമാഹരിക്കുകയും ചെയ്‌തു.
ALSO READ: സിംഗപ്പൂരില്‍ സ്വർണം, ചാനു കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി
ഒരു കാൽ ഇല്ലാത്തതോ ഒരു കാലിന് വലുപ്പക്കുറവ് ഉള്ളവരോ രണ്ട് ഊന്നുവടികളുടെ സഹായത്തോടെയാണ് ആംപ്യൂട്ടി ഫുട്ബോളിൽ കളിക്കുക. ആദ്യമായാണ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. മാർച്ച് 5 മുതൽ 9 വരെയാണ് മത്സരം നടക്കുക. ഇതിൽ ജയിക്കുന്ന അഞ്ച് രാജ്യങ്ങൾക്ക് ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ആംപ്യൂട്ടി ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാൻ കഴിയും.
അപകടത്തെത്തുടർന്ന് ഒരു വർഷം പഠനം തടസപ്പെട്ടെങ്കിലും തൊട്ടടുത്ത വർഷം ശബിൻ അത് പുനരാരംഭിച്ചിരുന്നു. കോഴ്‌സ് പൂർത്തിയാക്കി ഇപ്പോൾ പോളിയിൽ തന്നെ ടാലി ഹ്രസ്വകാല കോഴ്‌സിൽ ചേർന്ന് പഠിക്കുകയാണ് ഈ 22 കാരൻ. ചന്തേരയിലെ പി.വി.രാജന്‍റെയും കെ.പി.പ്രിയയുടെയും മകനാണ്.