കാസര്‍കോട്: മുസ്ലീം ലീഗ് നേതാക്കളായ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എജിസി ബഷീറും ഭാരവാഹികളായ ട്രസ്റ്റ് കോളജിന്‍റെ മറവില്‍ വിദ്യാഭ്യാസ കച്ചവടം നടത്തിയെന്ന ആരോപണവുമായി എസ്എഫ്ഐ. നേരത്തെ വഖഫ് ഭൂമി കൈമാറ്റം സംബന്ധിച്ചും ഇതേ കോളജിനെതിരെ ആരോപണമുയര്‍ന്നിരുന്നു. സര്‍വകലാശാലയേയും കോടതിയേയും കബളിപ്പിച്ചാണ് ലീഗ് നേതാക്കള്‍ കോളജ് നടത്തുന്നതെന്നും എസ്എഫ്ഐ ആരോപിക്കുന്നു.
മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ കോളജ് പ്രവര്‍ത്തിക്കുന്നതെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. സ്വന്തമായി കെട്ടിടം വേണമെന്നിരിക്കെ കച്ചവട ആവശ്യത്തിനായി നിര്‍മിച്ച കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് കോളജിന്‍റെ പ്രവര്‍ത്തനം. കെട്ടിടം നിര്‍മിക്കാനെന്ന വ്യാജേന പ്രവേശനത്തിനെത്തുന്ന വിദ്യാര്‍ഥികളില്‍ നിന്നും ഭീമമായ സംഭാവനകള്‍ സ്വീകരിച്ചു. ഇത്തരത്തില്‍ കോടികള്‍ പിരിച്ചെടുത്തെങ്കിലും കെട്ടിടം പണിയുന്നതിനുള്ള ഭൂമി പോലും മാനേജ്‌മെന്‍റിന്‍റെ കൈവശമില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ദേവ് ആരോപിച്ചു. സര്‍വകലാശാലയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചാണ് കോളജ് അഫിലിയേഷന്‍ വാങ്ങിയതെന്നും സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും സച്ചിന്‍ദേവ് ആവശ്യപ്പെട്ടു.
നിലവില്‍ കോളജില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കരുതെന്നും പഠന സാഹചര്യമൊരുക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ എസ്എഫ്ഐ കക്ഷി ചേരുമെന്നും തുടര്‍ സമരങ്ങള്‍ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.