കാസർകോട്: ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തിലും സിറ്റ് വെച്ചുമാറലിലും ജില്ല നേതൃത്വത്തെ പരിഗണിക്കാതെ കെപിസിസി. രാജി സന്നദ്ധത അറിയിച്ച് കാസര്‍കോട് ഡിസിസിയിലെ പത്തോളം നേതാക്കള്‍. നേതൃത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് ചേര്‍ന്ന രഹസ്യ യോഗത്തിലാണ് ഡിസിസി പ്രസിഡന്‍റുള്‍പ്പെടെയുള്ളവര്‍ രാജിവെക്കുമെന്നറയിച്ചത്.
കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണന്‍ പെരിയയെ ഉദുമയിലേക്ക് പരിഗണിക്കുന്നുവെന്ന വിവരങ്ങള്‍ക്ക് പിന്നാലെ കൊടിപൊക്കിയ പൊട്ടിത്തെറിയാണ് ഇപ്പോള്‍ പാരമ്യത്തിലെത്തിയത്. ഡിസിസിയോട് പോലും ആലോചിക്കാതെയുള്ള തീരുമാനവുമായി സംസ്ഥാന നേതൃത്വം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലാണ് അതൃപ്‌തി പരസ്യമാക്കി നേതാക്കള്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാജി ഭീഷണി മുഴക്കിയതിന് പിന്നാലെ ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹികള്‍ അടക്കമുള്ളവര്‍ രഹസ്യയോഗം ചേര്‍ന്നാണ് രാജിയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തത്. കാലങ്ങളായി കോണ്‍ഗ്രസ് മത്സരിക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കുന്നതടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്താന്‍ പോലും നേതൃത്വം തയ്യാറായില്ലെന്ന് ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ആരോപിക്കുന്നു. ആശയവിനിമയം അനിവാര്യമായ ഘട്ടങ്ങളില്‍ പോലും അവഗണിച്ചുവെന്നും ഡിസിസി ഭാരവാഹികളോട് ഒന്ന് സംസാരിക്കാന്‍ പോലുമുള്ള സാമാന്യ മര്യാദ കാണിച്ചില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെക്കുറിച്ച് പ്രഖ്യാപനം വരുന്നതിന് മുന്‍പ് അഭിപ്രായം പറയുന്നില്ല. അപ്പോഴും ഏകപക്ഷീയമായ തീരുമാനമുണ്ടായാലുള്ള പ്രത്യാഖ്യാതത്തെക്കുറിച്ച് കെപിസസി നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കരിപ്പൂര്‍ മണ്ഡലം ഘടകകക്ഷിക്ക് നല്‍കുമ്പോള്‍ അവര്‍ക്ക് അവിടെ ഒരു യൂണിറ്റ് പോലുമില്ലെന്നും അങ്ങനെയൊരവസരത്തില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് വിട്ടു നല്‍കുന്നതിനോട് യോജിപ്പില്ലെന്നും കെപിസിസി എക്‌സിക്യുട്ടീവ് അംഗം അഡ്വ. ഗോവിന്ദന്‍ നായർ പറഞ്ഞു.
കാസര്‍കോട് നടന്ന രഹസ്യ യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹികളും ഡിസിസി ഭാരവാഹികളും പങ്കെടുത്തു. നേതൃത്വം അയഞ്ഞില്ലെങ്കില്‍ ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് വിമത നീക്കം നടത്തുന്ന നേതാക്കള്‍ നല്‍കുന്ന സൂചന.