കാസർകോട്: അറബിക്കടലിൽ നിന്ന് കാണാതായ കാലാവസ്ഥ നിരീക്ഷണ യന്ത്രത്തിനായി കാസർകോട്, കണ്ണൂർ തീരങ്ങളില്‍ കോസ്റ്റൽ പൊലീസിസും കോസ്റ്റ് ഗാർഡും തെരച്ചിൽ തുടങ്ങി. കർണാടക തീരത്തും തെരച്ചിൽ നടത്തിവരികയാണ്. അറബിക്കടലിൽ സ്ഥാപിച്ചിരുന്ന കേന്ദ്ര ഭൗമശാസ്ത്ര വകുപ്പിന്‍റെ വേവ് റൈഡർ ബോയ് എന്ന കടൽ നിരീക്ഷണ യന്ത്രമാണ് കാണാതായത്.
സുനാമി, കൊടുങ്കാറ്റുകൾ, കടലിലെ കാലാവസ്ഥ മാറ്റം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഉപകരണമാണ് ഇത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് കടലിൽ നിരീക്ഷണത്തിനായി ഇത് സ്ഥാപിച്ചത്. ഒരു വർഷത്തോളമായി ശേഖരിച്ച വിലപിടിപ്പുള്ള വിവരങ്ങൾ ഉൾപ്പെടുന്നതാണ് ഈ യന്ത്രം. യന്ത്രത്തിലുണ്ടായിരുന്ന സെൻസറുകൾ തകരാറിലായതോടെയാണ് ആശയ വിനിമയം നഷ്ടമായത്.
'ഉപകരണം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം'
അതേസമയം, കാണാതായ കാലാവസ്ഥ നിരീക്ഷണ യന്ത്രം മലപ്പുറം താനൂരിലെ മത്സ്യത്തൊഴിലാളികൾ കടലിൽ വെച്ച് കണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വൈറലായിരുന്നു. കേന്ദ്ര ഭൗമശാസ്ത്ര വിഭാഗം കടലിൽ ഈ ഉപകരണത്തിനായുള്ള തെരച്ചിൽ നടത്തിവരുന്നതിനിടെയിലാണ് മത്സ്യത്തൊഴിലാളികൾ കയറി നില്‍ക്കുന്ന ദൃശ്യം പ്രചരിച്ചത്.
ഇതിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ഏറെ വിലപിടിപ്പുള്ള ഉപകരണങ്ങൾ അടങ്ങിയതിനാൽ, അതീവ ശ്രദ്ധയോടെ ഉപകരണത്തെ കൈകാര്യം ചെയ്യണമെന്ന് ഭൗമ ശാസ്‌ത്ര കേന്ദ്രത്തിലെ വിദഗ്‌ധര്‍ അറിയിച്ചു.
ALSO READ: കാണാതായ കാലാവസ്ഥ നിരീക്ഷണ യന്ത്രത്തില്‍ ചവിട്ടി നിന്ന് താനൂര്‍ സ്വദേശികളുടെ വീഡിയോ