കാസർകോട്: സ്‌കൂട്ടിയുടെ നാല് ടയറുകൾ, കാറിന്‍റെ രണ്ട് സീറ്റുകൾ, ടാറ്റ എയ്‌സിന്‍റെ സ്റ്റിയറിങ്ങ്, ബൈക്കിന്‍റെ എഞ്ചിൻ.. കാസർകോട് നീലേശ്വരം സ്വദേശിയായ ഇർഫാൻ എന്ന പതിനേഴുകാരൻ നിർമിച്ചതാണ് ഈ ബഗ്ഗി. പതിനാറായിരം രൂപയാണ് ചെലവ്.
വാഹനങ്ങളെ സ്നേഹിക്കുന്ന ഇർഫാൻ ആദ്യം നിർമ്മിക്കാൻ ഉദേശിച്ചത് പൈപ്പ് കൊണ്ടുള്ള ചെറിയ കാർ ആയിരുന്നു. എന്നാൽ സഹായത്തിന് ബന്ധുവായ ഇഷാമും കൂടിയതോടെ വലിയ കാർ നിർമ്മിക്കാം എന്ന ചിന്തയായി. എല്ലാ തടസങ്ങളും പരിഹരിച്ച് 20 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കി.
പണി പൂർത്തിയായ ശേഷം ബഗ്ഗി കാറുമായി വീടിനു സമീപത്തെ റോഡിൽ ഇറങ്ങിയപ്പോൾ നാട്ടുകാർക്കും കൗതുകം. പിന്നാലെ നിരവധി പേർ ഇർഫാന് അഭിനന്ദനവുമായി എത്തി. പെട്രോളിൽ 50-55 കിലോമീറ്റർ സ്‌പീഡിൽ തന്‍റെ ബഗ്ഗി കാർ സഞ്ചരിക്കുമെന്ന് ഇർഫാൻ പറയുന്നു.
ഇന്ധന വില ഓരോ ദിവസവും കൂടുന്നതിനാല്‍ ഇലക്ട്രിക് കാർ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇർഫാൻ. മാതാപിതാക്കളായ കരീമിന്‍റെയും ശരീഫയുടെയും പൂർണ്ണ പിന്തുണയും ഇർഫാനുണ്ട്.