കാസര്‍കോട്: സഫിയ കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒന്നാം പ്രതി കരാറുകാരൻ ഹംസക്ക് കാസർകോട് സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്.
2006 ഡിസംബറിലാണ് ഹംസയുടെ വീട്ടുജോലിക്കാരിയായ സഫിയയെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടുടമയും, ഗോവയിലെ കരാറുകാരനുമായ ഹംസയും,ഭാര്യയും അടക്കമുള്ളവര്‍ ചേര്‍ന്ന് സഫിയയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. 2008 ഓഗസ്റ്റില്‍ ഗോവയില്‍ നിർമാണമേഖലയിൽ സഫിയയുടെ അസ്ഥികൂടം അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു. തുടര്‍നാണ് കേസ് പരിഗണിച്ച കാസര്‍കോട് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഹംസയ്ക്ക് വധശിക്ഷ വിധിച്ചത്. ഭാര്യ മൈമൂനയെ നാലു വര്‍ഷം തടവിനും, ബന്ധുവായ എം.അബ്ദുള്ളയെ മൂന്ന് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചിരുന്നു. വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ശിക്ഷാ ഇളവ് ഉണ്ടായത്.
ഹംസയുടെ വധശിക്ഷ ഒഴിവാക്കിയതിനു പുറമെ മൈമൂനയുടെയും,അബ്ദുള്ളയുടെയും തടവു ശിക്ഷയും കോടതി റദ്ദാക്കിയിട്ടുണ്ട്. മൈമൂനയ്ക്കും,അബ്ദുല്ലയ്ക്കുമെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി.ജസ്റ്റീസുമാരായ എ എം ഷെഫീഖ്, എന്‍ അനില്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് വിധി.