കാസര്‍കോട് : നീലേശേര്വരത്ത് നിന്നും മലയോര മേഖലയിലേക്കുളള പ്രധാന റോഡ് പൊടിപിടിച്ചുകിടക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. നീലേശ്വരം -എടത്തോട് റോഡില്‍ കാല്‍നടയാത്രയും വാഹനയാത്രയും അതീവ ദുഷ്‌കരമായിരിക്കുകയാണ്. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് ഇറങ്ങിയെങ്കിലും ഇപ്പോ ശരിയാക്കാം എന്നുള്ള സ്ഥിരം മറുപടിമാത്രം.
17,18 തീയതികളില്‍ സ്‌കൂള്‍ കായിക മേള നടക്കുന്ന നീലേശ്വരം പുത്തിരിയടുക്കത്തെ ഇഎംഎസ് സ്‌റ്റേഡിയത്തിലേക്കും 28 മുതല്‍ ജില്ല കലോത്സവം നടക്കുന്ന ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ററി സ്‌കൂളിലേക്കും നീലേശ്വരത്ത് നിന്നുള്ള പ്രധാന പാതയാണ് ഇത്. കിഫ്ബി പദ്ധതിയില്‍ റോഡ് വികസിപ്പിക്കാന്‍ 2018ലാണ് അനുമതിയായത്. പതിമൂന്ന് കിലോമീറ്ററും 125 മീറ്ററുമാണ് റോഡിന്‍റെ നീളം.
42 കോടിയാണ് പദ്ധതി തുക. ഇടുങ്ങിയ ഈ റോഡ് 15 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കേണ്ടത്. നീലേശ്വരം വള്ളിക്കുന്ന് മുതല്‍ ചോയ്യംകോട് വരെയുള്ള മെക്കാഡം റോഡ് പണി 2022 ജൂണ്‍ 30ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ അന്ത്യശാസനം നല്‍കിയിരുന്നു.
എന്നാല്‍, നാലുമാസം കൂടി കഴിഞ്ഞിട്ടും റോഡ് കിളച്ചുമറിച്ച നിലയില്‍ തന്നെ. ജനകീയ യോഗങ്ങള്‍ മുറയ്ക്ക് നടക്കാറുണ്ടെങ്കിലും റോഡുപണിമാത്രം പൂര്‍ത്തിയായില്ല. ആദ്യ ഘട്ടത്തില്‍ ടാറിങ് നടന്നതില്‍ തന്നെ നരിമാളം മുതല്‍ ചോയ്യംകോട് വരെയുള്ള ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്.
പൊടിശല്യം കാരണം സ്‌കൂളിലേക്ക് പോകാന്‍ പോലും കുട്ടികള്‍ക്ക് കഴിയുന്നില്ല. സമീപത്തെ കടകള്‍ അടച്ചിടേണ്ട അവസ്ഥയിലുമാണ്. അധികൃതര്‍ വെള്ളം പോലും തെളിക്കുന്നില്ലെന്ന് കച്ചവടക്കാന്‍ പറയുന്നു. റോഡിന്‍റെ വികസനം ഉടന്‍ തീര്‍ത്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.