കാസർകോട്: മലയാളി മാധ്യമപ്രവർത്തക ശ്രുതിയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ബെംഗളൂരു പൊലീസ്. വൈറ്റ്ഫീല്‍ഡ് മഹാദേവപുര എസിപിക്കാണ് അന്വേഷണ ചുമതല. നിലവിലെ അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി കുടുംബം കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി.
മാർച്ച് ഇരുപതിനാണ് കാസർകോട് സ്വദേശിയും രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിലെ സീനിയർ എഡിറ്ററുമായ ശ്രുതിയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിന്‍റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ഭർത്താവ് അനീഷിനെ പ്രതി ചേർത്ത് ബെംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും ഒളിവിൽപോയ അനീഷിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
അനീഷിനെ തേടി ബംഗളുരു പൊലീസ് കേരളത്തിൽ എത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് കുടുംബം കർണാടക സർക്കാരിനെ സമീപിച്ചത്. വിവാഹത്തിന് ശേഷം പണത്തിനായി ശ്രുതിയെ ഭർത്താവ് അനീഷ് നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതാണ് ആത്മഹത്യയിൽ കലാശിക്കാൻ കാരണമായതെന്നും കുടുംബത്തിന്‍റെ പരാതിയിൽ പറയുന്നു. അനീഷിനെ കണ്ടെത്താൻ ഫോൺ സിഗ്നൽ പരിശോധിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല.
എന്നാൽ അനീഷ് കേരളം വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. ശ്രുതിയുടെ മരണത്തിൽ കർമ്മസമിതിയും രൂപീകരിച്ചിരുന്നു.
Also read: റോയിറ്റേഴ്‌സ് മാധ്യമ പ്രവർത്തകയുടെ ആത്മഹത്യ ; ഭർത്താവ് ഒളിവിൽ, ഫോൺ സ്വിച്ച്ഡ് ഓഫ്