കാസർകോട്: ജില്ലയുടെ അതിർത്തി മേഖലകളിൽ നിയന്ത്രണം കടുപ്പിക്കുന്നു. മംഗളൂരുവിലേക്ക് പ്രതിദിന യാത്രകൾ അനുവദിക്കേണ്ടതില്ലെന്നും ജനപ്രതിനിധികൾ പങ്കെടുത്ത യോഗം തീരുമാനിച്ചു. സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. ദിവസേന മംഗളൂരുവിലേക്ക് പോയിരുന്ന ആറ് പേർക്കാണ് അടുത്തടുത്ത ദിവസങ്ങളിൽ രോഗം പിടിപെട്ടത്. കൂടാതെ കഴിഞ്ഞ ദിവസം മാത്രം എട്ട് പേർക്കും സമ്പർക്ക രോഗബാധയുണ്ടായി. ഇതിൽ തന്നെ ഉറവിടമറിയാത്ത കേസുകളുമുണ്ട്. ഇതോടെയാണ് അതിർത്തികളിൽ നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. 28 ദിവസം താമസിച്ച് ജോലി ചെയ്യുന്നവർക്ക് മാത്രമേ അതിർത്തി വഴി പാസ് അനുവദിക്കുകയുള്ളൂ.
അതിർത്തി മേഖലയിലെ കാൽനടയാത്ര സാധ്യമാകുന്ന വഴികളിലടക്കം ബാരിക്കേഡുകൾ സ്ഥാപിക്കും. ഇവിടങ്ങളിൽ പഞ്ചായത്ത് അധികൃതർക്ക് പൊലീസ് സഹായവും ആവശ്യപ്പെടാം. നേരത്തെ മടങ്ങിപ്പോയ അതിഥി തൊഴിലാളികൾ തിരിച്ചു വന്നാൽ പൂർണ ഉത്തരവാദിത്തം കരാറുകാർക്കായിരിക്കും. ചരക്കു ലോറികളിലെ തൊഴിലാളികൾ പലയിടങ്ങളിലും വാഹനങ്ങൾ നിർത്തിയിട്ട് ഹോട്ടലുകളിൽ കയറുന്നുണ്ട്. ഇതിന് പകരം വാഹനങ്ങളിലേക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകും. ജൂലായ് 31 വരെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കേണ്ടതില്ലെന്നും അടിയന്തര യോഗം തീരുമാനിച്ചു.