കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ വരുന്നു. ബദിയടുക്ക, മുള്ളേരിയ, നാട്ടക്കൽ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളാണ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയത്. ഈ പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപന സാധ്യത തടയുന്നതിനാണ് നടപടികൾ. നിലവിൽ കുമ്പള മുതൽ തലപ്പാടി വരെയും മധൂർ, ചെങ്കള, കാസർകോട് പഴയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും. ബദിയഡുക്ക ടൗണിലെ ഒരു ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബദിയടുക്ക ടൗണും, ഇതര സംസ്ഥാനത്ത് നിന്ന് അനധികൃതമായി കടന്നുവന്നവരിൽ നിന്ന് രോഗം പകർന്നതിനെ തുടർന്ന് നാട്ടക്കല്ല്, മുള്ളേരിയ ടൗണുകളും കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയത്.
രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളി ബദിയഡുക്ക ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിയന്ത്രണമുള്ള പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിപ്പിക്കാം, ഓട്ടോറിക്ഷ-ടാക്സികൾ എന്നിവ ഇവിടെ നിന്ന് സർവീസ് നടത്തരുത്, ബസ് ഇവിടെ നിർത്തി ആളെ കയറ്റാനോ ഇറക്കാനോ പാടില്ല, പ്രദേശം പൊലീസിന്‍റെ കർശന നിരീക്ഷണത്തിലായിരിക്കും, ജനങ്ങൾ രോഗം വ്യാപിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു. വനത്തിലൂടെയും ഊടുവഴികളിലൂടെയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി ആളുകൾ വന്ന് രോഗം വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇത്തരക്കാരെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്നും നിർദേശമുണ്ട്.