കാസര്‍കോട്: ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടുകൾ തീരത്തെത്തിച്ചു. മലപ്പുറം താനൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളാണ് നീലേശ്വരം കോസ്റ്റൽ പൊലീസിന്‍റെ സഹായത്തോടെ തീരത്തടുപ്പിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു കടലിലുണ്ടായ ശക്തിയായ ചുഴലിക്കാറ്റിൽപ്പെട്ട് ബോട്ടുകൾ ഒറ്റപ്പെട്ടത്. ദിവസങ്ങളോളം തിരയോടും കാറ്റിനോടും മല്ലിട്ടാണ് മത്സ്യത്തൊഴിലാളികൾ കടലിൽ കഴിഞ്ഞത്. രക്ഷകൻ, സി.കെ. തുടങ്ങിയ ബോട്ടുകൾ കരയിൽ നിന്നും നാല് നോട്ടിക്കൽ മൈൽ അകലെ നീലേശ്വരം അഴിത്തലക്കടുത്ത് നങ്കൂരമിടുകയായിരുന്നു. കടൽ ശാന്തമായതോടെയാണ് രണ്ട് ബോട്ടുകളും തീരത്തടുപ്പിച്ചത്. രണ്ട് ബോട്ടിലെയും തൊഴിലാളികൾ സുരക്ഷിതരാണ്.