കാസർകോട്: കാസർകോട് നിന്നും ശാസ്‌ത്രലോകത്തേക്ക് അപൂർവയിനം സസ്യം. ചീമേനി അരിയിട്ടപാറയിൽ നിന്നാണ് പാരമ്പര്യ വൈദ്യന്മാർ 'കല്ലട കൊമ്പൻ' എന്ന് വിളിക്കുന്ന സസ്യത്തെ കണ്ടെത്തിയത്. 'സെറോപീജിയ അരിയിട്ടപാറൻസിസ്' എന്ന ശാസ്‌ത്രീയ നാമമാണ് ഗവേഷകർ ഈ സസ്യത്തിന് നൽകിയത്. മരുന്നു കൂട്ടുകൾ ശേഖരിക്കാൻ പാറയിലെത്തിയ പാരമ്പര്യ വൈദ്യൻ ശ്രീധരനാണ് സസ്യത്തെ കണ്ടെത്തിയത്. പാലാ സെന്‍റ് തോമസ് കോളജിലെ ബോട്ടണി വിഭാഗം മേധാവി ഡോ. ജോമി അഗസ്റ്റിൻ, കാസർകോട് ഗവ.കോളജിലെ ബോട്ടണി അധ്യാപകൻ ബിജു, തലശ്ശേരി ബ്രണ്ണൻ കോളജിലെ ബോട്ടണി അധ്യാപകൻ ഡോ. ജോസ് കുട്ടി ഇ.ജെ, കോലാപൂർ സർവകലാശാലയിലെ ശാരത് കാംബ്ലെ, സൗത്ത് ആഫ്രിക്ക ബോളസ് സർവകലാശാലയിലെ പീറ്റർ ബ്രയൻസ് എന്നിവരാണ് ഗവേഷണം നടത്തിയത്.
വംശനാശ ഭീഷണി നേരിടുന്ന സസ്യം അരിയിട്ടപാറയിൽ തന്നെ പത്തിൽ താഴെ മാത്രമാണുള്ളത്. സമാനമായ ചെടികള്‍ പോലും സസ്യലോകത്ത് വിരളമാണെന്ന് ഗവേഷകർ പറയുന്നു. ഔഷധഗുണമുള്ള ഈ സസ്യം ഭക്ഷ്യയോഗ്യമാണ്. പാരമ്പര്യ വൈദ്യന്മാർ കുടൽ പുണ്ണിനുള്ള ഔഷധമായി ഇതിന്‍റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. ഇതിനു സമാനമായ രണ്ട് സസ്യങ്ങളെ കാസർകോട് പെരിയയിൽ നിന്ന് 2014 ൽ മഹാരാഷ്‌ട്ര കോലാപുർ സർവകലാശാല ഗവേഷണ സംഘം കണ്ടെത്തിയിരുന്നു. സെറോപീജിയ കോലാറെൻസിസ്, സെറോപീജിയ വാർതക്കി എന്നീ ശാസ്‌ത്രീയ നാമങ്ങളിലാണ് ഇത് അറിയപ്പെടുന്നത്. മഴക്കാലത്താണ് പാറയിടുക്കിൽ സസ്യം വളരുന്നത്. വേനൽ എത്തുന്നതോടെ കിഴങ്ങ് മാത്രം അവശേഷിച്ച് ചെടി നശിക്കും. ജൂൺ, ജൂലൈ മാസങ്ങളിലാണ് ചെടികൾ തളിർക്കുന്നത്.