കാസർകോട് : വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി വിദ്യയെ പിടികൂടാൻ വൈകിയതിനെ വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യയെ പിടികൂടാൻ കേരള പൊലീസ് 15 ദിവസം എടുത്തത് തന്നെ ഒരു വലിയ കള്ളക്കളിയാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഈ 15 ദിവസം കൊണ്ട് തെളിവുകൾ നശിപ്പിക്കാനുള്ള അവസരമാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തെളിവുകൾ നശിപ്പിക്കാൻ സാഹചര്യം ഒരുക്കിയതിന് ശേഷമേ നിഖിലിനെയും പൊലീസ് പിടികൂടുകയുള്ളു എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വിദ്യയെ സഹായിക്കാൻ വളരെ ബോധപൂർവം സർക്കാർ തലത്തിൽ നടത്തിയ ഇടപെടൽ കൊണ്ടാണ് 15 ദിവസമായിട്ടും വിദ്യയെ പിടിക്കാൻ കഴിയാതെ പോയത്. പൊലീസ് വിചാരിച്ചാൽ ഇതുപോലൊരു പ്രതിയെ പിടിക്കാൻ യാതൊരു പ്രയാസവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുറ്റവാളികൾക്ക് സംരക്ഷണം കൊടുക്കുന്ന സർക്കാർ നടപടി ലജ്ജാകരമാണെന്നും അദ്ദേഹം വിമർശിച്ചു. 15 ദിവസക്കാലം ഇവർ എവിടെയായിരുന്നുവെന്നും ഇവരെ ഒളിപ്പിച്ചത് സിപിഎം നേതാക്കളും അനുഭാവികളുമാണെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തിലെ ആറോളം സർവകലാശാലകളിൽ വിസി മാരില്ല. അവിടെ നിയമനം നടത്താൻ സർക്കാർ ശ്രമിക്കുന്നില്ല. വിസിമാർ ഇല്ലാതെ സർവകലാശാലകൾ ഭരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെല്ലാം പിന്നിൽ എസ്എഫ്ഐയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസ രംഗം ഇതുപോലെ കുളം തൊണ്ടിയ മറ്റൊരു കാലഘട്ടം ഇല്ല. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉന്നതവിദ്യാഭ്യസ രംഗത്ത് നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. വ്യാജ ഡിഗ്രി വിവാദങ്ങൾ, പരീക്ഷ എഴുതാതെ വിജയിക്കുന്ന സംഭവങ്ങൾ, തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ തെരഞ്ഞെടുക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ, കോളജ് അധ്യപക നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റുമായി വരുന്ന സംഭവങ്ങൾ തുടങ്ങിയവ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർത്ത് തരിപ്പണമാക്കുന്ന സാഹചര്യമാണ് സൃഷ്‌ടിക്കുന്നത്.
കേരളത്തിലെ സർട്ടിഫിക്കറ്റുകളുമായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളെ സംശയത്തോടെ വീക്ഷിക്കുകയാണെന്നും കേരളത്തിലെ സർട്ടിഫിക്കറ്റുകളുടെ മൂല്യം ഇല്ലാതാവുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന് പ്രധാന കാരണം കോളജുകളിൽ എസ്എഫ്ഐ നടത്തുന്ന ധിക്കാരപരമായ പ്രവർത്തനങ്ങളാണ്. ആരും ചോദിക്കാനും പറയാനുമില്ല എന്ന നിലയിൽ വിദ്യാഭ്യാസ രംഗത്തെ പരിപൂർണമായി ചുവപ്പ്‌വത്കരിക്കാനുള്ള സർക്കാരിന്‍റെയും എസ്എഫ്‌ഐയുടെയും നീക്കമാണ് ഇതിന് പിന്നിൽ എന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എഫ്ഐക്കാരി ആയതുകൊണ്ടാണ് അവർ നൽകിയ വ്യാജ സർട്ടിഫിക്കറ്റിനെപ്പറ്റി അന്വേഷണം നടത്താത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വാർത്ത കൊടുത്ത മാധ്യമങ്ങളെ സർക്കാർ വേട്ടയാടുകയാണ്. സർക്കാരിനെതിരെ പ്രതികരിച്ചാൽ കേസ് കൊടുത്ത് കുടുക്കും. കെ സുധാകരനെതിരെ നടക്കുന്നതും ഇത്തരം വേട്ടയാടലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് എം വി ഗോവിന്ദൻ കെ സുധാകരനെതിരെ നടത്തുന്നത്. തെറ്റുപറ്റിയെന്ന് ബോധ്യം ഉണ്ടെങ്കിൽ പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണം. മോൻസണെ കാണാൻ മുൻ ഡിജിപി അടക്കം പോയിരുന്നു. എന്നാൽ, കേസ് വന്നത് സുധാകരനെതിരെ മാത്രമാണ്. സുധാകരനെതിരെ ആരോപണം ഉന്നയിച്ച ശേഷം എം വി ഗോവിന്ദൻ മുങ്ങി നടക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ദേശാഭിമാനി എഴുതുന്ന വാർത്തകൾ ആണ് മുഖവിലയ്ക്ക് എടുക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഗവൺമെന്‍റ് ഇതാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.