കാസർകോട്: നാല് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള റെയിൽവേയുടെ നീക്കം സാധാരണ യാത്രക്കാരെ ദുരിതത്തിലാക്കും (Railways planning to reduce the number of sleeper coaches). സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന കേരളത്തിലോടുന്ന ട്രെയിനുകളിൽ ഈ മാസം 18 മുതൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ഒഴിവാക്കുന്ന സ്ലീപ്പർ കോച്ചുകൾക്ക് പകരം തേർഡ് എ സി വരും (Third AC instead of sleeper coaches).
ഒരു സ്ലീപ്പർ കോച്ചിനു പകരം തേർഡ് എസി വരുമ്പോൾ ഇരട്ടിത്തുകയാണ് റെയിൽവേക്ക് ലഭിക്കുന്നത്. എന്നാൽ സാധാരണ യാത്രക്കാർക്ക് ഇത് ഇരുട്ടടിയാകും. മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, മംഗളൂരു-തിരുവന്തപുരം മലബാർ എക്‌സ്പ്രസ്, മംഗളൂരു-ചെന്നൈ മെയിൽ, മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എന്നീ ട്രെയിനുകളിലാണ് പുതിയ പരിഷ്‌കാരം. നാലും ദീർഘ ദൂര യാത്രകൾക്ക് ഉൾപ്പടെ സാധാരണക്കാർ ഏറെ ആശ്രയിക്കുന്നവ. മാവേലിക്കും മലബാറിനും ഒരു മാസം മുന്നേ ബുക്ക് ചെയ്‌താൽ മാത്രമാണ് നിലവിൽ ടിക്കറ്റ് ലഭിക്കുന്നത്. ഒരു സ്ലീപ്പർ കോച്ച് കൂടി നഷ്‌ടപ്പെട്ടാൽ ദുരിതം ഇരട്ടിയാകും.
മാവേലി എക്‌സ്പ്രസില്‍ 18 മുതൽ ഒമ്പത് സ്ലീപ്പർ കോച്ച് മാത്രമായിരിക്കും ഉണ്ടാവുക. എസി കോച്ചുകളുടെ എണ്ണം ആറാകും. തിരുവനന്തപുരം-മംഗളൂരു മലബാറിന് (16629) ഒരു സ്ലീപ്പർ കുറയും. ഒപ്പം ഒരു ഡി-റിസർവ്ഡ് കോച്ചും നഷ്‌ടപ്പെടും. മാവേലി, മലബാർ ഉൾപ്പെടെ പരമ്പരാഗത റേക്ക് മാറി എൽഎച്ച്ബിയിലേക്ക് ഉടൻ മാറും. അപ്പോൾ എസി കോച്ചുകളുടെ എണ്ണം വീണ്ടും വർധിക്കും. എൽഎച്ച്‌ബിയിൽ 72 ബർത്തുകളാണുള്ളത്. സ്ലീപ്പറിനൊപ്പം ജനറൽ കോച്ചുകളുടെ എണ്ണവും റെയിൽവേ കുറച്ചുതുടങ്ങി. റെയിൽവേയുടെ തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ ഉൾപ്പടെയുള്ള യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ജനപ്രിയ ട്രെയിനുകളിൽ ഡീ-റിസർവ്ഡ് കോച്ചുകൾ കുറക്കാനുള്ള ആലോചന റെയിൽവേ നടത്തുന്നുവെന്ന ആക്ഷേപം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനടക്കമുള്ള സംഘടനകളും ഉന്നയിക്കുന്നു. ഓണാവധിക്കാലത്തുപോലും ജനറൽ കോച്ചുകൾ ആവശ്യാനുസരണം അനുവദിച്ചില്ല. ഇതുമൂലം മറ്റ് ജില്ലകളിൽ നിന്ന് തലസ്ഥാനത്തേക്കും തിരിച്ചും വിദ്യാർഥികൾ അടക്കം നൂറുകണക്കിന് യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. തിരക്കുള്ള സാഹചര്യങ്ങളിൽ ഡിവിഷനുകൾക്ക് ആവശ്യാനുസരണം ട്രെയിനുകൾ ഓടിക്കാനും കോച്ചുകൾ വർധിപ്പിക്കാനും അനുമതിയുണ്ട്. എന്നാൽ, നിലവിലെ ട്രെയിനുകളുടെ ജനറൽ കോച്ചുകൾ വർധിപ്പിക്കാറില്ല.
ALSO READ: വാക്കി ടോക്കി സന്ദേശത്തിനോ വിസിലിനോ കാത്തില്ല, ഗാര്‍ഡില്ലാതെ ട്രെയിന്‍ പുറപ്പെട്ടു; അന്വേഷണം