കാസർകോട്: ബെല്ലാരിയിലെ യുവമോര്‍ച്ച നേതാവ് പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകത്തിൽ പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി. കേസിലെ മുഖ്യ പ്രതികളായ മുഹമ്മദ് മുസ്‌തഫ, തുഫൈൽ എം.എച്ച്, ഉമ്മർ ഫാറൂഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരെ കണ്ടെത്തുന്നവര്‍ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
മുഹമ്മദ് മുസ്‌തഫ, തുഫൈൽ എം.എച്ച് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഉമ്മർ ഫാറൂഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് പാരിതോഷികം ലഭിക്കുക. ഇക്കഴിഞ്ഞ ജൂലൈ 26നാണ് യുവമോർച്ച ദക്ഷിണ കന്നഡ എക്‌സിക്യൂട്ടീവ് അംഗമായ പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്.
പുത്തൂര്‍ നെട്ടാരുവില്‍ രാത്രി കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങാൻ നേരം ബൈക്കിലെത്തിയ സംഘം പ്രവീണിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതികളെത്തിയത് കേരള രജിസ്‌ട്രേഷന്‍ ബൈക്കുകളിലായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസ് കര്‍ണാടക സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. കേസില്‍ ഇതുവരെ 14 പേരാണ് അറസ്‌റ്റിലായത്.