കാസർകോട്: ചുട്ടുപഴുത്ത ഇരുമ്പുകനൽ ചേർത്ത് തിളപ്പിച്ച വെളുത്തുള്ളിക്കറി കഴിച്ചിട്ടുണ്ടോ? പൂരക്കളിക്കാലത്ത് കാസര്‍കോട്ടെ പല ക്ഷേത്രങ്ങളിലേയും പ്രധാന വിഭവമാണിത്. വിശ്വാസങ്ങള്‍ ഇഴചേര്‍ന്നതാണ് പൂരനാളിലെ ഉള്ളിക്കറി വിഭവം. വെളുത്തുള്ളി ഇരുമ്പുകനൽ ചേർത്ത് തിളപ്പിച്ചെടുക്കും. അരിപ്പൊടിയും മുളകും വെളുത്തുള്ളിയും മറ്റ് കൂട്ടുകൾക്കൊപ്പം ആദ്യം തിളപ്പിക്കും.
ഇതിലേക്ക് വലിയ ഇരുമ്പുചങ്ങല കനലിൽ ചുട്ട് പഴുപ്പിച്ചിടും. പിന്നീട് എടുത്തുമാറ്റും. ഇതാണ് പാചകരീതി. പൂരക്കളിയും കുടയെഴുന്നള്ളത്തും കഴിഞ്ഞശേഷം പൂരക്കളിക്കാർക്കും സ്ഥാനികർക്കും ഭക്ഷണത്തോടൊപ്പം പ്രത്യേകം തയ്യാറാക്കിയ ഉള്ളിക്കറി നൽകും. കറിയിൽ പഴുപ്പിച്ചിടാനുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രത്യേക ഇരുമ്പുചങ്ങല പലയിടത്തും ഇന്നുമുണ്ട്.
നിത്യാഭ്യാസികളായ പൂരക്കളിക്കാര്‍ മികച്ച ശാരീരിക ക്ഷമത ഉള്ളവരായിരുന്നു. ഇതില്‍ അസൂയപൂണ്ട് നാട്ടുപ്രമാണിമാര്‍ കളിക്കാരുടെ ശക്തി തകര്‍ക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. വെളുത്തുള്ളിക്കറി നല്‍കിയാല്‍ കളിക്കാരുടെ ക്ഷമത കുറയുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ഇതോടെ പൂരക്കളിക്കാര്‍ വെളുത്തുള്ളിക്കറി കഴിക്കണമെന്ന് പ്രമാണിമാര്‍ കല്‍പ്പിച്ചു.
Also Read: പെരുങ്കളിയാട്ടത്തെ വരവേറ്റ് മറത്തുകളിയും പൂരക്കളിയും
എന്നാല്‍ പ്രമാണിമാരുടെ ഉള്ളിക്കറിവിദ്യ തങ്ങളുടെ ശക്തി കുറയ്ക്കാനുള്ള തന്ത്രമാണെന്ന് കളിക്കാര്‍ തിരിച്ചറിഞ്ഞു. ഇതോടെ അവര്‍ 'ഉള്ളിക്കറി വിദ്യ' തകര്‍ക്കാര്‍ 'ഇരുമ്പ് സൂത്രം' പ്രയോഗിച്ച് മറുതന്ത്രം പയറ്റി. വെളുത്തുക്ക് ശരീരത്തെ ക്ഷീണിപ്പിക്കാനുള്ള കഴിവുണ്ടെന്നും, ഇതില്ലാതാക്കാന്‍ പഴുപ്പിച്ച ഇരുമ്പ് കറിയിലിട്ടാല്‍ മതിയെന്നും കളിക്കാര്‍ വിശ്വസിച്ചു.
ഉള്ളിക്കറി വിളമ്പുന്ന ക്ഷേത്രങ്ങള്‍
നിലവില്‍ മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം, പൊടോതുരുത്തി കായക്കീൽ ഭഗവതി ക്ഷേത്രം, കയ്യൂർ മുണ്ട്യ, പള്ളിക്കര പാലേരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം, പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം കൗതുകമുണർത്തുന്ന ഉള്ളിക്കറിയുണ്ട്. മലയാള മാസമായ മീനത്തിലാണ് (മാര്‍ച്ച് -ഏപ്രില്‍) ഉത്തര മലബാറില്‍ സാധാരണ പൂരാഘോഷം നടക്കാറുള്ളത്. രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നുമുളള കഥകളെ അടിസ്ഥാനമാക്കിയുള്ളവയാണ് പൂരക്കളിയില്‍ ഉപയോഗിക്കുന്ന പാട്ടുകള്‍.
Also Read: ആഘോഷങ്ങളില്ല; വടക്കിന്‍റെ പൂരത്തിന് പരിസമാപ്‌തി
കത്തിച്ചുവച്ച വിളക്കിനുചുറ്റുമാണ് പൂരക്കളി നടത്തുന്നത്. സംഘത്തലവനായ പണിക്കര്‍ പാടുന്ന വരികള്‍ ബാക്കി കളിക്കാര്‍ ഏറ്റുപാടും. ഇതല്ലാതെ മറ്റ് അകമ്പടി പാട്ടുകാരോ വാദ്യക്കാരോ ഉണ്ടായിരിക്കില്ല. കളരിപ്പയറ്റിലെ ചുവടുകളോട് സാമ്യമുള്ള പൂരക്കളി ദീര്‍ഘകാലത്തെ പരിശീലനത്തിലൂടെയാണ് സ്വായത്തമാക്കുന്നത്. ക്ഷേത്രങ്ങളില്‍ പൂരം ആഘോഷത്തിന്‍റെ ഭാഗമായി പുരുഷന്മാരാണ് പൂരക്കളി നടത്തുന്നത്.