കാസർകോട്: വിവിധ പരിപാടികളിൽ പങ്കെടുക്കാനായി കാസർകോടെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പൊലീസ് സുരക്ഷ. കാസർകോടിന് പുറമേ നാല് ജില്ലകളിൽ നിന്നായി 911 പൊലീസുകാരെയും 14 ഡിവൈഎസ്‌പിമാരെയുമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ജില്ലയില്‍ നിയോഗിച്ചത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്കാണ് മേൽനോട്ട ചുമതല.
കോഴിക്കോടുണ്ടായ പ്രതിഷേധ പരിപാടികൾ കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കാനും സാധ്യതയുണ്ട്. പയ്യന്നൂരിൽ നിന്നും രണ്ട് യുത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. കണ്ണൂരിൽ നിന്നും റോഡ് മാർഗമാണ് മുഖ്യമന്ത്രി എത്തുന്നത്. വഴിയിലുടനീളം പൊലീസുകാർ സുരക്ഷയ്ക്കുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ, കെഎസ്‌ടിഎ സംസ്ഥാന സമ്മേളനം എന്നിവ ഉൾപ്പെടെ ജില്ലയിലെ അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
പങ്കെടുക്കുന്ന പരിപാടികള്‍, സമയം: രാവിലെ 10ന് ചീമേനി തുറന്ന ജയിലിലെ അന്തേവാസികൾക്കുള്ള പുതിയ ബാരക്ക് കെട്ടിടം ഉദ്ഘാടനമാണ് ആദ്യ പരിപാടി. രാവിലെ 11ന് പിലിക്കോട് ഉത്തര മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദം സഫലം - ഫാം കാർണിവൽ ഉദ്ഘാടനം,
11.30ന് നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഉദ്ഘാടനം, 3.30ന് കാഞ്ഞങ്ങാട് ആലാമിപ്പള്ളി, പൊതുപരിപാടി 4.30ന് കുമ്പള എന്നീ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, ശിവന്‍കുട്ടി എന്നിവരും ജില്ലയിലുണ്ട്.