കാസർകോട് : കണ്ണൂർ-മംഗളൂരു ട്രെയിനിൽ അസ്വാഭാവികത തോന്നിക്കുന്ന എഴുത്ത്. ട്രെയിനിന് കല്ലേറുണ്ടായതിന് ഒരാഴ്‌ച മുമ്പാണ് ഇത് കണ്ടെത്തിയത്. രാവിലെ 7.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിനിലാണ് അടയാളപ്പെടുത്തലുകളുള്ളത്. ഇംഗ്ലീഷില്‍ അവ്യക്തമായ രീതിയിലാണ് കുറിപ്പ്.
പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്‍റെ താളില്‍ സ്കെച്ച് പേന കൊണ്ട് എഴുതി ട്രെയിനിന്‍റെ ഉള്‍വശത്താണ് കുറിപ്പ് പതിപ്പിച്ചത്. ട്രെയിനിന് നേരെ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ എഴുത്ത് സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസർകോട് എസ്.പി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
കല്ലേറിന് പിന്നില്‍ ആസൂത്രണമോ ? ട്രെയിൻ കല്ലേറിൽ ആസൂത്രണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ നാലുദിവസമായി തുടർച്ചയായി ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്. ബുധനാഴ്‌ച (ഓഗസ്റ്റ് 16) വന്ദേഭാരതിന് നേരെയും കല്ലേറ് ഉണ്ടായി.
തലശേരിക്കും മാഹിക്കും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. സി 8 കോച്ചിന്‍റെ ചില്ല് തകർന്നിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയുമാണ്. തുടർച്ചയായി ഉണ്ടാകുന്ന കല്ലേറ് ആസൂത്രിതമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓഗസ്റ്റ് 13ന് ചെന്നൈ സൂപ്പർഫാസ്റ്റിന് നേരെയും നേത്രാവതി എക്‌സ്‌പ്രസിന് നേരെയും ഓഖ എക്‌സ്‌പ്രസിന് നേരെയും കല്ലേറ് നടന്നിരുന്നു.
കണ്ണൂർ, കാസർകോട് ജില്ലകളിൽ വച്ചായിരുന്നു സംഭവം. പിന്നാലെ ഓഗസ്റ്റ് 14ന് കണ്ണപുരത്തിനും പാപ്പിനിശ്ശേരിക്കും ഇടയിൽ തുരന്തോ എക്‌സ്‌പ്രസിന് നേരെയും കല്ലേറ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഓഗസ്റ്റ് 15 ന് കോഴിക്കോടിനും കല്ലായിക്കും ഇടയിൽ യശ്വന്ത്‌പൂര്‍ എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിൽ ആർപിഎഫും ഇന്‍റലിജൻസും അന്വേഷണം തുടരുകയാണ്.
കല്ലേറ് പൊലീസിന് തലവേദന, യാത്രക്കാര്‍ക്ക് ആശങ്ക : സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് യാത്രക്കാര്‍ക്കിടയില്‍ ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. കല്ലെറിയുന്നവരെ പിടികൂടാന്‍ കഴിയാത്തതില്‍ വലഞ്ഞിരിക്കുകയാണ് പൊലീസ്. ഞായറാഴ്‌ച രാത്രിയില്‍ കണ്ണൂരിനും നീലേശ്വരത്തിനും ഇടയില്‍ മൂന്ന് ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടായ കല്ലേറില്‍ യാത്രക്കാര്‍ ആശങ്കയിലാണ്.
also read: വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ വീണ്ടും കല്ലേറ്, ചില്ല് തകർന്നു ; ആക്രമണം മുക്കാളിയില്‍
കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും ഇതുണ്ടാക്കുന്ന ആശങ്ക വലുതാണ്. ഒരേസമയം മൂന്നിടങ്ങളിലായുണ്ടായ കല്ലേറുകള്‍ക്ക് പിന്നില്‍ പ്രത്യേക ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസും. റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപമുള്ള മൈതാനങ്ങളില്‍ നിന്ന് ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കല്ലേറുണ്ടായ സ്ഥലങ്ങളിലെ ട്രാക്കിന് സമീപത്തുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. കുറ്റവാളികളെ കണ്ടെത്തിയാല്‍ കടുത്ത നിയമ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.