കാസർകോട്: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ രക്ഷപെട്ട റിമാൻഡ് പ്രതി ബെംഗളൂരുവിൽ പിടിയിൽ. ആലംപാടി സ്വദേശി ആമീർ അലിയെയാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. മെയ് 23നാണ് പ്രതി പൊലീസിനെ വെട്ടിച്ചു രക്ഷപെട്ടത്.
കൂടെയുണ്ടായിരുന്ന പൊലീസുകാരോട് പ്രതി വെള്ളം കുടിക്കണമെന്ന് ആവശ്യപ്പെട്ടു. കടയിലേക്ക് പോകുന്നതിനിടെ അമീർ അലി തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നു. ഇതേ തുടർന്ന് പ്രതിക്കൊപ്പം ഉണ്ടായിരുന്ന കണ്ണൂർ എആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്‌തിരുന്നു. വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണ് അമീർ അലി.