വയനാട് : വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ആയുസ് കുറിക്കാന്‍ പോന്നതാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. ഈ അഴിമതി മറച്ചുവയ്ക്കാനാണ് ബിജെപിയെ വേട്ടയാടുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.
പിണറായി സര്‍ക്കാര്‍ നടത്തുന്ന ബിജെപി വേട്ടക്കെതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Read more: മരംമുറി കേസ്; പ്രതിയും ഡിഎഫ്ഒയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്
രാഷ്‌ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കാനും അവരെ അടിച്ചമര്‍ത്താനും ശ്രമിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഏകാധിപതികളുടേത് പോലെയാണ്.
'മറുപടി പറയേണ്ടത് ബിഎസ്‌പി'
മഞ്ചേശ്വരത്ത് ബിഎസ്‌പിയുടെ സ്ഥാനാർഥി പത്രിക പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടത് ബിജെപി നേതാക്കളല്ല ബിഎസ്‌പിയാണെന്നും കൃഷ്ണദാസ് പ്രതികരിച്ചു.പത്രിക പിന്‍വലിച്ച ശേഷം നല്‍കിയ മൊഴിയില്‍ നിന്നും കെ. സുന്ദര മാറിയത് എങ്ങനെയെന്ന് അന്വേഷിക്കണം.
നൂറ്റമ്പതോളം കോടിയുടെ സ്വര്‍ണ നിക്ഷേപ തട്ടിപ്പ് നടത്തിയ മുസ്ലിം ലീഗിൻ്റെ നേതാക്കള്‍ക്കെതിരെ ചെറുവിരലനക്കാന്‍ കൂട്ടാക്കാതിരുന്ന പൊലീസ് ആ കേസില്‍ നടപടി എടുക്കാന്‍ തയാറായത് ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്.
'പ്രതിയെന്നാരോപിക്കപ്പെടുന്ന ആളിൻ്റെ കോള്‍ ലിസ്റ്റ് മാത്രം പരിശോധിക്കുന്നു'
മുസ്ലിംലീഗുമായി സിപിഎമ്മിന് തെരെഞ്ഞെടുപ്പിന് മുന്‍പുണ്ടായിരുന്ന അവിശുദ്ധ ബാന്ധവം തെരെഞ്ഞെടുപ്പിന് ശേഷവും തുടരുന്നുവെന്നാണ് മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.
കൊടകര കവര്‍ച്ചാക്കേസില്‍ വാദിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച പൊലീസ് മഞ്ചേശ്വരത്തെ കേസില്‍ പ്രതിയെന്നാരോപിക്കപ്പെടുന്ന ആളിൻ്റെ കോള്‍ ലിസ്റ്റ് മാത്രമാണ് പരിശോധിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും.
'ബിജെപി അധ്യക്ഷൻ്റെ കുടുംബത്തെ പോലും വേട്ടയാടുന്നു'
ബിജെപി പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ച് ഉന്മൂലനം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പൊലീസിനെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ സിപിഎം തുടങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ കുടുംബത്തെ പോലും വേട്ടയാടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
Read more: 'പി ജയരാജനുമായി കൂടിക്കാഴ്ച'; സുരേന്ദ്രന്‍റെ ആരോപണം ഉണ്ടയില്ലാവെടിയെന്ന് പ്രസീത
സ്വര്‍ണക്കള്ളക്കടത്തിനെക്കുറിച്ചും ലഹരിക്കടത്തിനെക്കുറിച്ചും ഹവാല പണത്തെക്കുറിച്ചും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണത്തെ അട്ടിമറിക്കാനുള്ള സിപിഎമ്മിൻ്റെ ശ്രമം നടക്കില്ല.