കാസർകോട് : സേനയുടെ യശസുയര്‍ത്തുന്ന നിരവധി മാതൃകാപ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുമ്പോഴും വിരലിലെണ്ണാവുന്ന ചിലരുടെ പ്രവര്‍ത്തികള്‍ പൊലീസിനെയാകെ കളങ്കപ്പെടുത്തിയുള്ള രീതിയിലാവുന്നത് ഗൗരവത്തോടെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന് ചേരാത്ത, പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരോട് ഒരു ദയയും ദാക്ഷിണ്യവും കാണിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
കാസര്‍കോട് വനിത പൊലീസ് സ്റ്റേഷന്‍, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫിസ് എന്നിവയുടെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു. രാജ്യത്തെ പൊലീസ് സേനയ്ക്ക് പല വിധത്തില്‍ മാതൃകയാവാന്‍ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ക്രമസമാധാന പരിപാലനം ശാസ്ത്രീയ കുറ്റാന്വേഷണം, സൈബര്‍ കേസന്വേഷണം തുടങ്ങിയ രംഗങ്ങളിലൊക്കെ രാജ്യത്ത് കേരള പൊലീസ് ഒന്നാമതാണ്.
എന്നാൽ പൊലീസ് സേനയ്‌ക്കാകെ അപമാനമുണ്ടാക്കുന്ന, നാടിന് ചേരാത്ത കളങ്കിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പൊലീസ് സേനയുടെ ഭാഗമായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവണമെന്ന് തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.