കാസർകോട്: സ്ഥലമില്ല, സൗകര്യമില്ല, ഏത് നിമിഷവും തകർന്നു വീഴുമെന്ന ഭയം... ഇത് ആദിവാസി കുട്ടികൾ അടക്കം പഠിക്കുന്ന കാസർകോട് ജില്ലയിലെ പെരുതടി അങ്കണവാടിയുടെ അവസ്ഥയാണ്. പനത്തടി-റാണിപുരം റോഡിലെ പഴയ അങ്കണവാടി ഏതു നിമിഷവും നിലം പൊത്തുമെന്നായപ്പോഴാണ് തത്കാലം കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്. ഉടൻ പുതിയ കെട്ടിടം നിർമിക്കും എന്നായിരുന്നു വാഗ്‌ദാനം. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുക്കൽ പോലും നടന്നിട്ടില്ല.
കമ്മ്യൂണിറ്റി ഹാളിലും സ്ഥിതി പഴയതു തന്നെ. 40 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ പോലും ഇവിടെയില്ല. സ്ഥലപരിമിതി മൂലം ഒരു ദിവസം പകുതി കുട്ടികളെ മാത്രം അനുവദിക്കേണ്ട ഗതികേടിലാണ് അധ്യാപിക. ഇതുമൂലം ആദിവാസി കുട്ടികൾക്ക് അടക്കം നിത്യേന ലഭിക്കേണ്ട പോഷകാഹാരവും പഠനവും നഷ്ടമാകുകയാണ്.
പുതിയ കെട്ടിടത്തിനായി സ്കൂൾ പരിസരത്ത് സ്ഥലം കണ്ടെത്തിയെങ്കിലും പിന്നീടൊന്നും നടന്നില്ല. കഴിഞ്ഞ ദിവസം അധ്യാപികയും രക്ഷിതാക്കളും ചേർന്ന് പഞ്ചായത്ത് അധികൃതരെ കണ്ടുവെങ്കിലും അവർക്കും ഉത്തരമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്‌മാർട്ട് ആകുന്ന ഈ കാലത്ത് പ്രാണഭയത്താല്‍ പഠിക്കേണ്ടി വരുന്ന കുട്ടികളും അധ്യാപികയുമാണ് ഇവിടുത്തെ കാഴ്‌ച.