കാസർകോട്: പെരിയയിൽ നിർമാണത്തിനിടെ അടിപ്പാതയുടെ മേൽഭാഗം തകർന്നയിടത്ത് എൻഐടി വിദഗ്‌ധ സംഘം പരിശോധന നടത്തി. ദേശീയപാത അതോറിറ്റിയുടെ നിർദേശപ്രകാരമാണ് സുറത്ത്കല്ലിൽ നിന്നുള്ള വിദഗ്‌ധ സംഘം പരിശോധനയ്‌ക്കെത്തിയത്. നിർമാണത്തിൽ അപാകത ഉണ്ടായിട്ടുണ്ടോയെന്നത് സംഘം വിശദമായി പരിശോധിക്കുമെന്നും അതിവേഗം റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എൻഐടി ഉദ്യോഗസ്ഥർ അറിയിച്ചു.
നിര്‍മാണ കമ്പനിക്കെതിരെ ആരോപണം: ഇന്ന് രാവിലെ ഒൻപതരയ്‌ക്കാണ് ഉദ്യോഗസ്ഥ സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചത്. ഒരു മണിക്കൂറോളം ഇവിടെ ചെലവിട്ടു. പാത തകര്‍ന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് സംഘം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ദേശീയപാത അതോറിറ്റിക്ക് കൈമാറും. എൻഐടി സംഘത്തിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. നിർമാണത്തിലെ അപാകത അപകടത്തിനിടയാക്കി എന്നായിരുന്നു പ്രാഥമിക നിഗമനം.
ALSO READ| പെരിയയിൽ അടിപ്പാത തകർന്ന സംഭവം; അപകടകാരണം ഫോം വർക്കിലെ പിഴവ്, എൻഐടി സംഘം നാളെ പരിശോധിക്കും
സംഭവത്തിൽ നിർമാണ കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷനെതിരെ ഗുരുതര ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വിദഗ്‌ധ സംഘത്തിന്‍റെ കണ്ടെത്തൽ നിർണായകമാകും. അടിപ്പാതയുടെ മേൽഭാഗം തകർന്നത് കോൺക്രീറ്റ് ചെയ്യാനുപയോഗിച്ച ഫോം വർക്കിലെ സാങ്കേതിക പിഴവാണെന്ന് പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി വിഭാഗം മേധാവികൾ പരിശോധന നടത്തിയപ്പോള്‍ പ്രാഥമികമായി കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ഒരാള്‍ക്ക് പരിക്ക്: നിർമാണം ഏറ്റെടുത്ത കരാർ കമ്പനി മേഘ കൺസ്ട്രക്ഷൻസിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തതിന്‍റെ തുടർനടപടിയായാണ് തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 31) പൊതുമരാമത്ത് വകുപ്പ് പരിശോധനയ്ക്ക് എത്തിയത്. പിന്നാലെയാണ്, സൂറത്ത്കൽ എൻഐടിയില്‍ നിന്നുള്ള വിദഗ്‌ധ സംഘം പരിശോധനയ്ക്ക് എത്തിയത്. ഒക്‌ടോബര്‍ 29 പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം. സംഭവത്തില്‍ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.