കാസർകോട് : മഞ്ചേശ്വരത്ത് 3,000 പാക്കറ്റ് നിരോധിത പാൻമസാലയുമായി യുവാവ് പിടിയിൽ. കൂത്തുപറമ്പ് സ്വദേശി നിജാസിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തത്. കർണാടകയിൽ നിന്ന് കണ്ണൂരിലേക്ക് പാൻമസാല കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
കർണാടക അതിർത്തി മേഖലയായ മഞ്ചേശ്വരം ബഡാജയിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന 3,000 പാക്കറ്റ് പാൻമസാല ശേഖരം പിടികൂടിയത്. കണ്ണൂരിലേക്ക് വസ്ത്രവുമായി പോകുകയാണെന്നാണ് പരിശോധനക്കിടെ യുവാവ് പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പൊലീസ് വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് അഞ്ച് ചാക്കുകളിലായി സൂക്ഷിച്ച പാൻമസാലകൾ കണ്ടെത്തിയത്.
Also read: കാസര്‍കോട് പിടിച്ചത് ഒരു ടണ്‍ പാന്‍ മസാല ; ശേഖരം ആള്‍ താമസമില്ലാത്ത വീട്ടില്‍
കർണാടകയിൽ നിന്ന് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കേരളത്തിലെത്തുന്നുവെന്ന വിവരത്തെ തുടർന്ന് കാസർകോട്ടെ അതിർത്തി പ്രദേശങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാൾ സ്ഥിരമായി കർണാടകയിൽ നിന്ന് പാൻമസാല കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ച് വിൽപ്പന നടത്താറുണ്ടെന്ന് സമ്മതിച്ചു. പാൻമസാല കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടികൂടിയിട്ടുണ്ട്.