കാസര്‍കോട്: വോട്ടര്‍പ്പട്ടികയില്‍ മറ്റൊരു ക്രമക്കേട് കൂടി നടക്കുന്നതായി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെപറ്റിയാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. എന്നാല്‍, ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
രണ്ട് സ്ഥലത്ത് വോട്ടുള്ള ആയിരിക്കണക്കിന് പേരുണ്ട്. ഈ ലിസ്റ്റ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. മഷി മായ്ച്ച് വോട്ട് ചെയ്യുകയാണ് ഇവരുടെ പതിവെന്നും വോട്ടർ പട്ടിക കുറ്റമറ്റതാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഒരു സഹായവും വേണ്ട. നീതി നടപ്പിലാക്കണമെന്നും തന്‍റെ ആരോപണത്തില്‍ വസ്തുതയുണ്ടെങ്കിൽ മാത്രം നടപടി എടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുതകുന്ന തരത്തിലാണ് നാല് ലക്ഷത്തോളം വോട്ടര്‍മാര്‍ വ്യാജമായി പട്ടികയില്‍ കയറിക്കൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർവ്വ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ ഏകപക്ഷീയമായ പ്രചാരണങ്ങള്‍ നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കാസര്‍കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മുന്നില്‍ നിര്‍ത്തിക്കൊണ്ട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ തന്നെ സര്‍വേകള്‍ നടത്തി കേരളത്തിലെ ജനവികാരത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നത്.
പരസ്യം വാങ്ങിയതിന്‍റെ പേരില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിന് വേണ്ടിയാണ്. ഇത് തന്നെയാണ് നരേന്ദ്ര മോദി ഡല്‍ഹിയിലും ചെയ്യുന്നത്. മാധ്യമങ്ങളെ വിലക്ക് വാങ്ങുക, കോര്‍പ്പറേറ്റുകളെ ഉപയോഗിച്ച് അവരെ നിശബ്ദരാക്കുക എന്നി തന്ത്രങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയം. പുറത്ത് വന്ന എല്ലാ സര്‍വേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം കരിതേച്ച് കാണിക്കാനുള്ള ശ്രമം നടന്നു. ജനങ്ങളുടെ മുൻപിൽ ഈ സർക്കാരിന് റേറ്റിങ് വളരെ താഴെയാണ്. ചില മാധ്യമങ്ങൾ റേറ്റിങ് നല്കാൻ ശ്രമിക്കുന്നത് അനീതിയാണ്.യുഡിഎഫ് സർവേകൾ തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.