കാസർകോട്: അതിർത്തികൾ തുറന്നെങ്കിലും മംഗളൂരുവിൽ വിദഗ്‌ധ ചികിത്സക്കെത്താനാകാതെ ഒരു മരണം കൂടി. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാൻ കഴിയാതെ ഉപ്പള സ്വദേശി അബ്‌ദുൾ സലീമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതോടെ കാസർകോട് ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.
നേരത്തെ അതിർത്തികൾ അടച്ചതാണ് രോഗികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകുന്നതിന് മുൻപ് സ്വീകരിക്കേണ്ട നടപടികളാണ് ഇപ്പോൾ രോഗികൾക്ക് മുൻപിൽ വെല്ലുവിളിയാകുന്നത്. ചെക്പോസ്റ്റിൽ മെഡിക്കൽ രേഖകളുടെ പരിശോധനകൾക്ക് ഉണ്ടാകുന്ന കാലതാമസം രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതിന് തെളിവാണ് അബ്ദുൾ സലീമിന്‍റെ മരണം. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന അബ്ദുൾ സലീമിനെ രോഗം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും തലപ്പാടിയിൽ നടപടിക്രമങ്ങൾക്ക് സമയമെടുത്തപ്പോൾ ജീവൻ നഷ്ടമായി.മംഗളുരുവിലെ ചികിത്സകൾക്കുള്ള നിബന്ധനകൾ പ്രായോഗികമല്ലെന്ന വിമർശനം നിലനിൽക്കെയാണ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തത്.
അതേസമയം, അതിർത്തി കടന്നാലും ദേർലക്കട്ടെയിലെ ആശുപത്രിയിലേക്ക് മാത്രമേ രോഗികളെ കൊണ്ടുപോകുന്നുള്ളൂവെന്നും ആരോപണമുണ്ട്. തുടർ ചികിത്സ ആവശ്യമുള്ളവരെ അതാത് ആശുപത്രിയിലേക്ക് കൊണ്ടുപോകാത്തതും പ്രയാസം സൃഷ്ടിക്കുന്നു. മംഗളൂരു ആശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്ന രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ കേരള അതിർത്തിയിൽ കൂടുതൽ സംവിധാനമൊരുക്കി. തലപ്പാടി ചെക്ക്പോസ്റ്റിന് സമീപത്തുള്ള സംവിധാനത്തിന് പുറമേ മഞ്ചേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും 24 മണിക്കൂറും മെഡിക്കൽ ഓഫീസർ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സേവനം ലഭ്യമാക്കുമെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.