കാസര്‍കോട് : കാഞ്ഞങ്ങാടില്‍ ലോഡ്‌ജ് കേന്ദ്രീകരിച്ച് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പുതിയങ്ങാടിയിലെ സിവായി വീട്ടില്‍ റാഫി(58) എടക്കാട് പള്ളയില്‍ വീട്ടില്‍ കെ.എസ് ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. കോട്ടച്ചേരിയിലെ ടൂറിസ്‌റ്റ് ഹോം കേന്ദ്രീകരിച്ചാണ് ഇരുവരും തട്ടിപ്പ് നടത്തിയത്.
നോട്ട് ഇരട്ടിപ്പിച്ച് നല്‍കുന്ന സംഘം ലോഡ്‌ജിലെത്തിയിട്ടുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. തട്ടിപ്പിനായി ഉപയോഗിച്ച കട്ടിയുള്ള കടലാസുകളും, വിവിധ തരം കെമിക്കലും ലോഡ്‌ജിലെ മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതികളെ പിടികൂടാനായി ഇടപാടുകാരനെന്ന രീതിയില്‍ വേഷം മാറിയാണ് പൊലീസെത്തിയത്.
also read: കോഴിക്കോട് ഹണിട്രാപ്പ് തട്ടിപ്പ്; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
കണ്‍ട്രോള്‍ റൂം എസ്ഐ അബൂബക്കര്‍ കല്ലായിയാണ് നോട്ടിരട്ടിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് മുറിയിലെത്തിയത്. ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന 500 രൂപ നോട്ട് പ്രതികള്‍ക്ക് നല്‍കി. എസ്ഐ നല്‍കിയ നോട്ടും അതേ വലിപ്പത്തിലുള്ള പേപ്പറും പ്ലാസ്‌റ്റിക് ഷീറ്റും ഒരുമിച്ച് അവരുടെ കൈവശമുണ്ടായിരുന്ന ലായനിയില്‍ മുക്കിയെടുത്തു. എസ് ഐ നല്‍കിയ 500 രൂപയ്‌ക്കൊപ്പം മറ്റൊരു 500 രൂപ കൂടി എസ്ഐക്ക് നല്‍കി.
നോട്ട് പരിശോധന നടത്തിയപ്പോള്‍ രണ്ട് നോട്ടുകളുടെയും സീരിയല്‍ നമ്പറുകള്‍ വ്യത്യസ്തമാണെന്ന് മനസിലായി. ഇതോടെ 10,000 രൂപ ഇരട്ടിപ്പിച്ച് നല്‍കണമെന്ന് എസ് ഐ ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം കൊണ്ടുവരാനെന്ന വ്യാജേന പുറത്തിറങ്ങി. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.
സമാനരീതിയില്‍ പലയിടങ്ങളിലും സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്ത ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.