കാസർകോട് : ഉത്തരമലബാറിലെ വിവിധ സമുദായങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ രണ്ടായിരത്തോളം വരുന്ന ആചാരി സ്ഥാനികരുടെ വേതനം നിലച്ചിട്ട് ഒരു വര്‍ഷം. അന്തിത്തിരിയൻ, വെളിച്ചപ്പാടൻ, കോമരം തുടങ്ങി എട്ട് വിഭാഗത്തിൽപ്പെട്ട ആചാരി സ്ഥാനികരുടെ വരുമാനമാണ് മുടങ്ങിക്കിടക്കുന്നത്. ഏക വരുമാന മാർഗം നിലച്ചതോടെ ദുരിതത്തിലായ സ്ഥാനികർ സെക്രട്ടേറിയറ്റ് ഉപരോധത്തിന് ഒരുങ്ങുകയാണ്.
പ്രതിമാസം 1,400 രൂപയാണ് മലബാർ ദേവസ്വം ആചാരി സ്ഥാനികർക്ക് നൽകിവന്നിരുന്നത്. എന്നാൽ കഴിഞ്ഞ പതിമൂന്ന് മാസമായി സ്ഥാനികർക്ക് വേതനം ലഭിച്ചിട്ടില്ല. വിഷയം നിരവധി തവണ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുഭാവപൂർവമായ നടപടി സ്വീകരിച്ചിട്ടില്ല.
ഇതോടെയാണ് സെക്രട്ടറിയേറ്റ് ഉപരോധം ഉൾപ്പടെയുള്ള പ്രത്യക്ഷ സമരം ആരംഭിക്കാന്‍ സ്ഥാനികർ തീരുമാനിച്ചത്. അതേസമയം മരിച്ചവർക്ക് പകരമായി പുതിയ സ്ഥാനികരെ നിയോഗിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കാത്തതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.