കാസർകോട് : ആറ്റുനോറ്റ് വാങ്ങിയ സൈക്കിൾ ഓടിച്ച് കൊതി തീരും മുമ്പേ കള്ളൻ കൊണ്ടുപോയതിന്‍റെ സങ്കടത്തിലാണ് ഒമ്പതുവയസുകാരൻ മുഹമ്മദ്. സൈക്കിളുമായി സ്‌കൂളിൽ പോകുന്നതും കുഞ്ഞുസഹോദരിയെ പുറകിൽ ഇരുത്തുന്നതും സ്വപ്‌നം കണ്ട മുഹമ്മദിന് തന്‍റെ പ്രിയ സുഹൃത്തിനെ നഷ്‌ടപ്പെട്ടുവെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കാഞ്ഞങ്ങാട് കുശാൽ നഗറിലെ വീട്ടുമുറ്റത്ത് വച്ചിരുന്ന മുഹമ്മദിന്‍റെ സൈക്കിളുമായി കള്ളൻ കടന്നുകളഞ്ഞത്. സൈക്കിൾ കാണാതായപ്പോൾ തന്നെ പറ്റിക്കാനായി ഉപ്പ മാറ്റിവച്ചതാണെന്നായിരുന്നു ആദ്യം മുഹമ്മദ് വിചാരിച്ചത്. അങ്ങനെ അല്ലെന്നറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞുപോയി.
പെരുന്നാളിന് കിട്ടിയ പണവും ഭണ്ഡാരപ്പെട്ടിയിൽ സൂക്ഷിച്ച പണവും കൊണ്ടാണ് മുഹമ്മദ് ഇക്കഴിഞ്ഞ പെരുന്നാളിന് പുതുപുത്തൻ സൈക്കിൾ വാങ്ങിയത്. 12000 രൂപയുടെ സൈക്കിളിൽ ഉപ്പയുടെ സംഭാവന 3000 മാത്രമായിരുന്നു. ബാക്കിയെല്ലാം രണ്ടുവർഷം കൊണ്ട് മുഹമ്മദ് സ്വരൂപിച്ചതാണ്.
മോഷണം പോയെന്ന് വ്യക്‌തമായതോടെ പിതാവ് അബ്ദുല്‍ സലാമും സുഹൃത്തുക്കളും നാടുമുഴുവൻ തിരഞ്ഞെങ്കിലും സൈക്കിൾ കിട്ടിയില്ല. മകന്‍റെ സങ്കടം കണ്ടുനിൽക്കാനാവാതെ സലാം സമൂഹ മാധ്യമത്തിൽ സംഭവം പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ മുഹമ്മദിന്‍റെ സങ്കടം നാടിന്‍റേതുമായി. എടുത്തവർ തന്നെ തന്‍റെ സൈക്കിൾ തിരികെ തരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കുഞ്ഞുമുഹമ്മദ്.