കാസർകോട് : സംസ്ഥാനത്ത് ലെവൽ ക്രോസുകൾ പൂർണമായും ഒഴിവാക്കുന്ന സ്വപ്ന പദ്ധതിയിലേക്കാണ് സർക്കാർ ചുവടുവയ്ക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പദ്ധതി സാക്ഷാത്കരിക്കാന്‍ എല്ലാ വകുപ്പുകളെയും ജനപ്രതിനിധികളെയും ഒരുമിച്ച് നിർത്തി പൊതുമരാമത്ത് വകുപ്പ് നേതൃത്വപരമായ പങ്കുവഹിക്കും.
മറ്റ് തടസങ്ങളില്ലെങ്കിൽ കേരളത്തിൽ ഈ വർഷം തന്നെ ഒമ്പത് റെയിൽവേ മേൽപ്പാലം റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറഷൻ കേരള പൂർത്തിയാക്കും. റെയിൽവേ സമയബന്ധിതമായി സഹകരിച്ചാൽ 2023 ൽ തന്നെ ഈ പാലങ്ങളിലൂടെ യാത്ര സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു. 72 റെയിൽവെ മേൽപ്പാലങ്ങളാണ് നിർമിക്കാൻ പോകുന്നത്.
Also Read: സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ
അതിൽ 66 എണ്ണം കിഫ്ബി പദ്ധതിയാണ്. ആറ് മേൽപ്പാലങ്ങൾ പ്ലാൻ ഫണ്ടിലൂടെയും നിർമിക്കും. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ മറ്റേത് തടസങ്ങളുണ്ടെങ്കിലും തുടർ നടപടിയിലൂടെ മാറ്റിയെടുക്കും. ലക്ഷ്യം പൂർത്തിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.