കാസർകോട് : നവകേരള സദസിന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തിനായി മഞ്ചേശ്വരം ഒരുങ്ങി. പൈവളിഗെയിലാണ് ഉദ്ഘാടന സദസ് സംഘടിപ്പിക്കുന്നത്. ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ സംഘം വെള്ളിയാഴ്‌ച (17.11.2023) ജില്ലയിലെത്തും.
മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച (18.11.2023) രാവിലെ കാസർകോട് എത്തും. 18,19 തിയ്യതികളിലാണ് കാസർകോട് ജില്ലയിൽ നവകേരള സദസ് നടക്കുക. ഇതിനായി ഓരോ മണ്ഡലത്തിലും സജ്ജീകരിച്ചിരിക്കുന്നത് വിപുലമായ ഒരുക്കങ്ങളാണ്. മഞ്ചേശ്വരത്തെ ഉദ്ഘാടന ചടങ്ങിൽ കന്നഡ സിനിമ താരങ്ങളുൾപ്പടെ പ്രമുഖർ പങ്കെടുക്കും. പൈവളിഗെയിലെ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലുമാണ്.
ഉദ്ഘാടന ചടങ്ങിൽ വിദ്യാർഥികളുടെ ഉൾപ്പടെ കലാപരിപാടികളും അരങ്ങേറും. പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടർ സൗകര്യമുണ്ടാകും. രാവിലെ മുതൽ ഈ കൗണ്ടർ പ്രവര്‍ത്തനം ആരംഭിക്കും. സർക്കാർ ജീവനക്കാർക്ക് പുറമെ ഉദ്ഘാടന ചടങ്ങിൽ ഇരുന്നൂറ് വൊളന്‍റിയർമാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ല കലക്‌ടറുടെ ഉത്തരവുണ്ടെങ്കിലും പ്രതിപക്ഷ സംഘടനകളിലെ ഭൂരിപക്ഷം ജീവനക്കാരും ഉദ്ഘാടന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനാണ് സാധ്യത.
Also Read: ഇടതു സര്‍ക്കാരിന്‍റെ അന്ത്യയാത്ര; നവകേരള യാത്രയെ പരിഹസിച്ച് കെ സുരേന്ദ്രന്‍
നാല് ജില്ലകളില്‍ അതിസുരക്ഷ : നവകേരള സദസിൽ എത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാസർകോട്ട് വലിയ പൊലീസ് സന്നാഹം ഉണ്ടാകില്ല. ജനങ്ങൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുതെന്നാണ് നിർദേശം. കാസർകോട് ജില്ലയിൽ ആയിരത്തിൽ താഴെ പൊലീസിനെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ ഏതെങ്കിലും അടിയന്തര സാഹചര്യം വന്നാൽ ഉപയോഗിക്കാൻ ഫോഴ്‌സിനെ ഒരുക്കി നിർത്തും.
പരാതി നൽകാനെത്തുന്നവർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവരുതെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. കാസർകോട് ജില്ലയിൽ നിന്നുള്ള പൊലീസുകാരെയാണ് പരമാവധി നിയോഗിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് പതിവ് സുരക്ഷയുണ്ടാകും. എന്നാൽ കൂടുതൽ സുരക്ഷ ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരം.
സുരക്ഷ ഇങ്ങനെ : കണ്ണൂർ,കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ കൂടുതൽ സുരക്ഷ ഒരുക്കും. മാവോയിസ്‌റ്റ് ഭീഷണിയുള്ളതിനാലാണ് കൂടുതൽ സുരക്ഷ ഒരുക്കുന്നത്. കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ കമാൻഡോയാണ് സുരക്ഷയൊരുക്കുക. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് സായുധ ബറ്റാലിയനുകൾ, ലോക്കൽ പൊലീസ്, എസ്ഐഎസ്എഫ്, ദ്രുതകർമസേന എന്നീ വിഭാഗങ്ങളിലെ പൊലീസുകാരുണ്ടാവും. സുരക്ഷാ മേൽനോട്ടവും ഏകോപനവും ജില്ല പൊലീസ് മേധാവിക്കായിരിക്കും.
ഇന്‍റലിജൻസ് മേധാവിയുടെ നേതൃത്വത്തിൽ രഹസ്യാന്വേഷണവും ശക്തമാക്കും. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലും പ്രധാന കേന്ദ്രങ്ങളിലും പ്രത്യേക സുരക്ഷയൊരുക്കും. ഇന്‍റലിജൻസ് മേധാവിയുടെ നേതൃത്വത്തിൽ രഹസ്യാന്വേഷണവും ശക്തമാക്കും.