കാസർകോട്: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിൽ. സവണ്ണൂർ സ്വദേശി ഷാക്കിർ, ബെല്ലാരി സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക സംഘത്തിന് വിവരം നൽകിവരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഷഫീഖ് മറ്റു ക്രിമിനൽ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെ മുഖ്യ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിലവില്‍ 21 പേരാണ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ളവര്‍ പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകർ ആണെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ ഇതിൽ മലയാളികൾ ഇല്ലെന്നാണ് സൂചന. പ്രതികളെ പിടികൂടാൻ കാസർകോട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി കർണാടക പൊലീസിന്‍റെ പ്രത്യേക സംഘം കാസർകോട് എത്തിയിട്ടുണ്ട്. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദു ചെയ്‌തു.
കേസുമായി ബന്ധപ്പെട്ട് ഡിജിപിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി. അതേസമയം അന്വേഷണം ഊർജിതമല്ലെന്നാരോപിച്ച് യുവമോർച്ച പ്രതിഷേധം ശക്തമാക്കുകയാണ്. ഇതോടെ കമ്മാൻഡോ സ്ക്വാഡ് രൂപീകരിച്ച കർണാടക സർക്കാർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ദക്ഷിണ കന്നഡ ജില്ലയിലെ യുവമോർച്ചയുടെ പ്രാദേശിക നേതാവ് പ്രവീണിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തിയത്.