കാസർകോട്: കൊവിഡ് 19 ന് ചികിത്സതേടുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അവരെ പരിചരിക്കാൻ കെട്ടിടങ്ങൾ തേടി അലയുകയാണ് അധികൃതർ. അപ്പോഴും ജില്ലാ ആശുപപത്രിയിലെ അസൗകര്യങ്ങള്‍ക്ക് നടുവില്‍ നോക്കുകുത്തിയായി നിൽക്കുകയാണ് ആധുനിക കെട്ടിടം. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒ പി ബ്ലോക് ആണ് ഈ കെട്ടിടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലാ ആശുപത്രി വളപ്പിലെ ഈ ബഹുനില കെട്ടിടം പണി പൂർത്തിയായിട്ടും ചികിത്സക്കായി ഇനിയും ഉപയോഗപ്പെടുത്താനായിട്ടില്ല. വൈദ്യുതീകരണ പ്രവർത്തി നടക്കാത്തതായിരുന്നു പ്രധാന പ്രശ്‌നം.
ആർദ്രം പദ്ധതിയിൽ നിർമിച്ച നാലു നില കെട്ടിടമാണ് ഇത്. രണ്ടു വർഷം മുൻപാണ് ജില്ലാ ആശുപപത്രി വികസനത്തിൻ്റെ ഭാഗമായി എൻഡോസൾഫാൻ പാക്കേജിൽ ഉള്‍പ്പെടുത്തി ബഹുനില കെട്ടിട നിർമ്മാണം ആരംഭിച്ചത്. എന്നാൽ വൈദ്യുതീകരണം അവസാന ഘട്ടത്തിൽ എത്തിയെങ്കിലും ലിഫ്‌ടിൻ്റെയും അഗ്നി രക്ഷ സംവിധാനങ്ങളുടെയും പ്രവർത്തി ഇനിയും എങ്ങുമെതിയിട്ടില്ല. കൊവിഡ് രോഗികളെ പാർപ്പിക്കാൻ സ്ഥലം കണ്ടെത്താൻ ഓടുന്ന സമയത്തെങ്കിലും ഈ കെട്ടിടം തുറന്നു നൽകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ജില്ലാ ജയിലിനോട് ചേർന്നുള്ള കെട്ടിടമായതിനാൽ ജയിൽ വകുപ്പിൻ്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.