കാസർകോട്: 25 വർഷങ്ങൾക്ക് മുന്നേ കോളജ് യൂണിയന്‍ ചെയര്‍മാനായാരിക്കെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഓര്‍മ പുതുക്കി നീലേശ്വരത്തെ സ്ഥാനാർഥി മുഹമ്മദ് റാഫി.
പി.പി.മുഹമ്മദ് റാഫിക്ക് തദ്ദേശതിരഞ്ഞെടുപ്പില്‍ ഇത് മൂന്നാമങ്കമാണ്. 1995 ല്‍ ഒന്നാം വര്‍ഷ എം.എ വിദ്യാര്‍ഥിയായിരിക്കവെയാണ് റാഫി ആദ്യമായി മത്സരിച്ച് ഗ്രാമപഞ്ചായത്തംഗമാകുന്നത്. കാഞ്ഞങ്ങാട് നെഹ്രു കോളജ് യൂണിയന്‍റെ അമരത്തിരിക്കുമ്പോളായിരുന്നു പൊതുജനങ്ങള്‍ക്കിടയിലേക്ക് സിപിഎം റാഫിയെ ഇറക്കിയത്. 13 വാര്‍ഡുകള്‍ മാത്രമുണ്ടായിരുന്ന നീലേശ്വരം പഞ്ചായത്തില്‍ തീരദേശത്തെ മൂന്നാം വാര്‍ഡില്‍ സിപിഎം സ്വതന്ത്രനായി മല്‍സരിക്കാനായിരുന്നു പാര്‍ട്ടി നിര്‍ദേശം. അന്നു നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് കൂടിയായിരുന്ന മാമുനി ചന്തനായിരുന്നു എതിരാളി. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റാഫിയുടെ കന്നിജയം.
പഞ്ചായത്തിന്‍റെ ഭരണം യുഡിഎഫിനായിരുന്നു, എന്നാൽ കോണ്‍ഗ്രസ് അംഗം എറുവാട്ട് മോഹനന്‍ ജനതാദളില്‍ ചേര്‍ന്നതോടെ ഇദ്ദേഹം പ്രസിഡന്‍റു പി.പി.മുഹമ്മദ് റാഫി വൈസ് പ്രസിഡന്‍റുമായതുമെല്ലാം പോയകാല തെരഞ്ഞെടുപ്പ് ഓര്‍മകളെന്ന് റാഫി പറയുന്നു.
അട്ടമറി വിജയങ്ങളിലൂടെ 1995മുതല്‍ ശ്രദ്ധേയനായ റാഫി കഴിഞ്ഞ നഗരസഭാ കൗണ്‍സിലിലേക്ക് എത്തിയതും കോണ്‍ഗ്രസിന്‍റെ കൈവശമുണ്ടായിരുന്ന കൊട്രച്ചാല്‍ വാര്‍ഡ് അട്ടിമറിച്ചാണ്. ഇത്തവണയും മികച്ച വിജയപ്രതീക്ഷയോടെയാണ് മുഹമ്മദ് റാഫി മത്സരരംഗത്തുള്ളത്.