കാസർകോട് : മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉടമസ്ഥന് പൊള്ളലേറ്റു. കാസർകോട് പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്. വീട്ടില്‍ വെച്ച് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഫോൺ ചെയ്യുന്നതിനിടെ കയ്യിരുന്ന് ചൂടായ ഉടൻ താഴെ വീണിരുന്നു. രവീന്ദ്രന്‍റെ കയ്യിലാണ് പരിക്കേറ്റത്. എന്നാൽ പരിക്ക് സാരമുള്ളതല്ല. ഫോൺ താഴെ വീണതുകൊണ്ടാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്.
പൊട്ടിത്തെറിക്കുന്ന മൊബൈൽ ഫോണുകൾ: മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ അടുത്തിടെയായി വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ചാർജ് ചെയ്യുന്നതിനിടെയാണ് മൊബൈൽ ഫോൺ മുമ്പ് പൊട്ടിത്തെറിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആളുകളുടെ പോക്കറ്റിൽ കിടന്നും ഫോൺ പൊട്ടിത്തെറിക്കുന്നുണ്ട്.
തൃശ്ശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്‍റെ (76) പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് അടുത്തിടെയാണ്. ചായക്കടയിൽ ഇരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചത്. ബനിയൻ ധരിച്ചതിനാൽ ശരീരത്തിൽ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. പാന്‍റ്‌സിന്‍റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോട് ജില്ലയില്‍ യുവാവിന് പൊള്ളലേറ്റിരുന്നു. റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് റഹ്മാനാണ് പരിക്കേറ്റത്.
മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് മരണവും: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചിരുന്നു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്‍റെ മകള്‍ ആദിത്യശ്രീയാണ് അപകടത്തില്‍ മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിരുന്നു ആദിത്യശ്രീ. രാത്രിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
വേണ്ടത് ജാഗ്രത: ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ ഫോണുകൾ. കുട്ടികള്‍ക്ക് കൊടുക്കുമ്പോൾ മാത്രമല്ല മുതിർന്നവർ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെങ്കിലും തരത്തിലുള്ള അപായ സൂചനകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സര്‍വീസ് സെന്‍ററുകളെ സമീപിച്ച് യാതൊരു വിധ തകരാറും ഇല്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഉപയോഗിക്കുക.
ഒരു തരത്തിലും ഇന്ന് മാറ്റി വയ്ക്കാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് മൊബൈൽ ഫോണുകൾ. ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നതും ഫോണുകളില്‍ തന്നെയാണ്. അതിനാല്‍ കൂടുതല്‍ സുരക്ഷിതമായി ഉപയോഗപ്പെടുത്തേണ്ടതും അവശ്യമാണ്.
മുതിര്‍ന്നവരെക്കാള്‍ കുട്ടികളാണ് ഇന്ന് മൊബൈൽ ഫോണുകളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് അവരുടെ സുരക്ഷയ്ക്കും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ശ്രമിക്കേണ്ടത് അനിവാര്യമാണ്. അപകടങ്ങള്‍ അപ്രതീക്ഷിതമാണ് എന്നാല്‍ അതിലേക്കുള്ള അപകട സാധ്യതകള്‍ കഴിവതും കുറയ്ക്കാനായി പരിശ്രമിക്കാവുന്നതാണ്. ചെറിയ തെറ്റുകളില്‍ നിന്നും ജീവഹാനി വരെ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ കാര്യക്ഷമമായ തോതില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.
also read : പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു ; യുവാവിന് സാരമായി പൊള്ളലേറ്റു