കാസർകോട്: മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫിന് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലാണ് ശിക്ഷ. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എംഎല്‍എയ്‌ക്ക് പുറമെ മുന്‍ ജില്ല പഞ്ചായത്ത് അംഗമായ അബ്‌ദുല്ല, അബ്‌ദുല്‍ ഖാദര്‍ എന്നിവര്‍ക്കും കോടതി ശിക്ഷ വിധിച്ചു ( MLA AKM Ashraf Case).
2010 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയിൽ പരിശോധന നടത്തുന്നതിടയിൽ ഡെപ്യൂട്ടി തഹസിൽദാർ എ ദാമോദരനെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. മഞ്ചേശ്വരത്ത് താമസക്കാരനും മൈസൂരൂ സ്വദേശിയുമായ മുനവർ ഇസ്‌മായിലിന്‍റെ അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വകുപ്പ് കോടതി നേരത്തെ റദ്ദാക്കിയിരുന്നു (MLA AKM Ashraf Sentenced To One Year Imprisonment).
അപ്പീല്‍ നല്‍കുമെന്ന് എംഎല്‍എ (Response Of MLA): കേസില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു. തർക്കം ഉണ്ടായെന്നും എന്നാൽ മർദിച്ചിട്ടില്ലെന്നും കള്ളക്കേസാണെന്നും എകെഎം അഷ്റഫ് പ്രതികരിച്ചു. തങ്ങൾ നിരപരാധികളാണെന്ന് എംഎൽഎ വ്യക്തമാക്കി.
കേസിൽ തനിക്ക് പരമാവധി ശിക്ഷയാണ് ചുമത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുണ്ടായ ക്യാമ്പിലാണ് സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ സത്യാവസ്ഥ കോടതിയെ ബോധിപ്പിച്ചതാണ്. അപ്രതീക്ഷിതമാണ് വിധിയെന്നും അപ്പീൽ നൽകുമെന്നും എംഎൽഎ വ്യക്തമാക്കി.
എംഎൽഎ പദവി ഒഴിയണമെന്ന് ബിജെപി (BJP Criticized MLA): തെരഞ്ഞെടുപ്പ് ഹിയറിങ്ങിനിടെ ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും തടവ് ശിക്ഷ വിധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ എകെഎം അഷ്റഫ് എംഎൽഎ പദവി ഒഴിയണമെന്ന് ബിജെപി കാസർകോട് ജില്ല പ്രസിഡൻ്റ് രവീശ തന്ത്രി ആവശ്യപ്പെട്ടു. 2010-ൽ എകെഎം അഷറഫും സംഘവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെത്തി ഡെപ്യൂട്ടി തഹസിൽദാര്‍ എ. ദാമോദരനെ കയ്യേറ്റം ചെയ്യുകയും അദ്ദേഹത്തിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌ത കേസിലാണ് കാസർകോട് മജിസ്ട്രേറ്റ് കോടതി ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും ജനകീയ സമരത്തിൻ്റെയോ പ്രക്ഷോഭത്തിൻ്റെയോ പേരിലല്ല ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൈസൂരിൽ വോട്ട് ഉള്ള വ്യക്തിയെ മഞ്ചേശ്വരത്ത് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ചതിനാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്താനാണ് ലീഗ് നേതാക്കൾ ശ്രമിച്ചത് എന്നത് ഗൗരവതരമായ വിഷയമാണെന്ന് രവീശ തന്ത്രി പറഞ്ഞു. കള്ളവോട്ടും ഇരട്ടവോട്ടും ഉപയോഗിച്ചാണ് മുസ്‌ലീം ലീഗ് കാലാകാലങ്ങളായി മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങൾ കൈയടക്കി വച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും ബൂത്ത് കയ്യേറുന്നതും പലതവണ മാധ്യമ വാർത്തകളിൽ വന്നിട്ടുണ്ട്. 14 വർഷങ്ങൾക്ക് ശേഷമാണ് വിധി ഉണ്ടായതെങ്കിലും വിധി ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതും സ്വാഗതാർഹവുമെന്ന് രവീശ തന്ത്രി കൂട്ടിച്ചേർത്തു.