കാസർകോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്‌റ്റ് തകരാര്‍ സംബന്ധിച്ച് വീഴ്‌ചയുണ്ടായതായി കണ്ടെത്തിയാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗിയെ ചുമട്ടു തൊഴിലാളികൾ സ്‌ട്രെച്ചറിൽ ചുമന്ന് താഴെയെത്തിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹെൽത്ത് സർവീസ് ഡയറക്‌ടര്‍ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലിഫ്‌റ്റ് തകരാർ സംബന്ധിച്ച് അറിയുന്നത് മാധ്യമ വാർത്തകളിലൂടെയാണെന്നും യഥാസമയം സർക്കാരിനെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്‌ചയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റിക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് അറിയിക്കാതിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇത്ര ദിവസമായിട്ടും ലിഫ്‌റ്റ് നന്നാക്കാൻ കമ്പനി തയ്യാറാകാത്തത് ഗുരുതര വീഴ്‌ചയാണ്.
കമ്പനി ലിഫ്‌റ്റ് നന്നാക്കാത്തതിന് കാരണം എന്താണെന്ന് അറിയേണ്ടതുണ്ട്. ഉപകരാർ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കണം. സർക്കാർ പണം ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്നും ജനങ്ങളുടെ നികുതി പണം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതുകൊണ്ട് ലിഫ്‌റ്റിന്‍റെ തകരാർ ഉടനടി പരിഹരിക്കണം. ഇതിനാവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എംഎൽഎ പ്രാദേശിക വികസന നിധിയിൽ നിന്നും പുതിയ ലിഫ്‌റ്റിന് തുക വകയിരുത്താമെന്ന് അറിയിച്ചത് സ്വാഗതാർഹമാണെന്നും വീണ ജോർജ് കൂട്ടിച്ചേര്‍ത്തു.