കാസർകോട് : കൃഷിയുടെ മഹത്വം തിരിച്ചറിയാൻ ഒരു ഗ്രാമം മുഴുവൻ 'മഴപ്പൊലിമ'യിലെത്തി. ചേറിൽ ആടിയും പാടിയും അവർ ആഘോഷിച്ചു. പ്രായഭേദമന്യേ ഒരു നാട് മുഴുവന്‍ പാടത്തെ ചേറിൽ മതിമറന്ന് ആഘോഷിച്ചു. ചെളിയില്ലെങ്കിൽ ജീവനില്ല എന്ന് തിരിച്ചറിയുകയായിരുന്നു ഓരോരുത്തരും.
മണ്ണിനെയും മഴയെയും അറിയുന്നതിനും തരിശ് നിലങ്ങൾ കൃഷി യോഗ്യമാക്കുന്നതിനും വേണ്ടി വലിയപറമ്പ് ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും വലിയപറമ്പ് വയലിൽ നടത്തിയ മഴപ്പൊലിമ പങ്കാളിത്തവും വ്യത്യസ്‌ത പരിപാടികളും കൊണ്ട് ഏറെ ശ്രദ്ധേയമായി. പാടത്തെ നൃത്തം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്‌തു. വലിയപറമ്പ് പാലത്തിൽ നിന്നും വലിയപറമ്പ് വയലിലേക്ക് നടന്ന ഘോഷയാത്രയിൽ നിരവധി ആളുകളാണ് പങ്കെടുത്തത്.
വിവിധ ഇനം കലാ-കായിക മത്സരങ്ങളും നടത്തി. ഇതിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് പാടത്തെ നൃത്തം തന്നെ. ഞാറ് നടലോടെയാണ് വലിയപറമ്പ് വയലിലെ മഴപ്പൊലിമ ആഘോഷങ്ങള്‍ അവസാനിച്ചത്. കർഷകരെ കൃഷിയിലേക്ക് തിരിച്ചു കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് മഴപ്പൊലിമ നടത്തുന്നത്. കേരളത്തിന് തന്നെ മാതൃകയാണ് കാസർകോട് ജില്ലയുടെ പരിപാടിയായ മഴപ്പൊലിമ.
തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയുടെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ജില്ല മിഷന്‍ ആവിഷ്‌കരിച്ച കാര്‍ഷിക പുനരാവിഷ്‌കരണ പരിപാടിയാണ് മഴപ്പൊലിമ. ജനങ്ങളുടെ ജീവിതം സുസ്ഥിര വികസനവുമായി കോര്‍ത്തിണക്കിക്കൊണ്ട് ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, സാമ്പത്തിക സുരക്ഷ, സാമൂഹിക സുരക്ഷ എന്നീ നാല് അടിസ്ഥാന മേഖലകളില്‍ സ്വയംപര്യാപ്‌തത കൈവരിക്കുക എന്ന ആശയമാണ് മഴപ്പൊലിമയിലൂടെ കുടുംബശ്രീ മിഷന്‍ മുന്നോട്ടുവയ്ക്കുന്നത്.
കാസര്‍കോടിന്‍റെ സ്വന്തം 'മഴപ്പൊലിമ' : മഴപ്പൊലിമ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചേറിലിറങ്ങിയും ഞാറ് നട്ടും പാട്ടുപാടിയും നൃത്തം ചെയ്‌തുമാണ് മഴപ്പൊലിമയെ നാടിന്‍റെ ഉത്സവമാക്കി മാറ്റിവരുന്നത്. കലാ-കായിക മത്സരങ്ങള്‍ക്ക് പുറമെ ഭക്ഷ്യമേള ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികളും മഴപ്പൊലിമയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു.
'ചേറാണ് ചോറ്' എന്ന മുദ്രാവാക്യമാണ് കുടുംബശ്രീ ജില്ല മിഷന്‍ മഴപ്പൊലിമയിലൂടെ മുന്നോട്ടുവയ്‌ക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ജില്ലയില്‍ സംഘടിപ്പിച്ചുവരുന്ന മഴപ്പൊലിമ ക്യാമ്പയിന്‍ ഈ വര്‍ഷം മുതല്‍ കൂടുതല്‍ വിപുലമാക്കിയാണ് സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സിഡിഎസ് തലം കൂടാതെ എഡിഎസ് തലത്തിലും ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് ആരംഭിച്ച ക്യാമ്പയിന്‍റെ ഭാഗമായി ജില്ലയിലെ ആകെയുള്ള 42 സിഡിഎസുകളില്‍ 31 ലും ഇതുവരെ മഴപ്പൊലിമ സംഘടിപ്പിച്ചു കഴിഞ്ഞു. 6 എഡിഎസുകളും മഴപ്പൊലിമ നടത്തി. കഴിഞ്ഞ വര്‍ഷം മഴപ്പൊലിമയുടെ ഭാഗമായി കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകള്‍ മുഖേന 646.3 ഏക്കര്‍ തരിശുഭൂമി കൃഷിയോഗമാക്കുകയും അരിശ്രീ എന്ന ബ്രാന്‍ഡില്‍ 20.8 ടണ്‍ അരി വിപണിയിലെത്തിക്കുകയും ചെയ്‌തിരുന്നു.