കാസർകോട്: റമദാൻ മാസത്തിലെ നോമ്പുതുറ സമയത്ത് കാസർകോടുകാരുടെ തീൻമേശയിൽ നിറയുന്ന പ്രധാന വിഭവങ്ങളിലൊന്നാണ് മൗവ്വല്‍ സമൂസ. കാസര്‍കോട് മൗവ്വൽ എന്ന ഗ്രാമത്തിൽ 20 വർഷം മുമ്പ് ഒരു കൂട്ടം ചെറുപ്പക്കാർ റമദാൻ മാസത്തിൽ മാത്രം സമൂസ ഉണ്ടാക്കി വിൽക്കാൻ ആരംഭിച്ചു. ഇവരുടേതാണ് മൗവ്വൽ സമൂസ..
ദിവസവും 1000 സമൂസ ഉണ്ടാക്കി തുടങ്ങിയ വഴിയോരക്കച്ചവട കേന്ദ്രത്തിൽ ഇപ്പോൾ തയ്യാറാക്കുന്നത് ദിവസവും 20,000 സമൂസകളാണ്. ഓരോ പുണ്യമാസത്തിലും ലക്ഷക്കണക്കിന് മൗവ്വൽ സമൂസകളാണ് നോമ്പുതുറ കേന്ദ്രങ്ങളിലെത്താറുള്ളത്.
ഉള്ളി, കാബേജ്, ഗ്രീൻപീസ് എന്നിവ അടങ്ങിയ മസാലക്കൂട്ട് മുറിച്ചെടുത്ത മാണ്ടയിൽ നിറച്ച് എണ്ണയിൽ പൊരിച്ചടുത്താണ് സമൂസ തയ്യാറാക്കുന്നത്. കൂട്ട് ഉണ്ടാക്കലാണ് പ്രധാന ജോലി. ആറ് ചാക്ക് മൈദ, 90 ലിറ്റർ പാമോയിൽ, മൂന്ന് ക്വിന്‍റൽ ഉള്ളി തുടങ്ങിയവയാണ് ഒരുദിവസത്തെ സമൂസ നിർമാണത്തിന് വേണ്ട അസംസ്‌കൃതവസ്‌തുക്കൾ. കൂട്ട് റെഡിയായാൽ പുലർച്ചെ മൂന്നുമണിക്ക് മാണ്ടയുണ്ടാക്കുന്ന സംഘം പണിതുടങ്ങും.
ഉള്ളിയരിയൽ, പൊരിക്കൽ തുടങ്ങി ഓരോ മേഖലയിലും വിദഗ്‌ധരായവരുടെ സംഘമാണ് നിർമാണത്തിനുള്ളത്. ഒരു തവണ ഉപയോഗിച്ച ഓയിൽ പിന്നീട് ഉപയോഗിക്കാറില്ലെന്നും ഈ പാചകസംഘം പറയുന്നു. സമൂസക്ക് പുറമെ ചിക്കൻ റോളും ഇവർ ഉണ്ടാക്കുന്നുണ്ട്.
യുഎഇയില്‍ നിന്ന് നോമ്പുകാലത്ത് സമൂസ നിർമാണത്തിന് മാത്രമായി നാട്ടിലെത്തുന്നവരാണ് സംഘത്തിലെ ചിലർ. ഒരു സമൂസയ്‌ക്ക് നാല് രൂപ നിരക്കിൽ മുൻകൂട്ടി ലഭിക്കുന്ന ഓർഡർ പ്രകാരമാണ് വിതരണം. ദുബായിലെ കമ്പനിയില്‍ മൗവ്വലുകാർ ദിനംപ്രതി ഒന്നരലക്ഷത്തോളം സമൂസ ഉണ്ടാക്കുന്നുണ്ട്.